
പാലക്കാട്: വാളയാർ, കസബ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കഴിഞ്ഞ രണ്ടു മാസങ്ങളായി പൂട്ടിയിട്ടിരുന്ന വീടുകളിൽ മോഷണം നടത്തിവന്ന ഉത്തർപ്രദേശ് സ്വദേശി ബാബു ഖുറേഷിയാണ് പിടിയിലായത്.
മോഷണത്തിനായി ഉത്തർപ്രദേശിൽ നിന്നും കേരളത്തിൽ എത്തി മോഷണം നടത്തി തിരിച്ച് പോവുകയായിരുന്നു രീതി. ആന്ധ്ര പ്രദേശില് മാത്രം ഏഴ് മോഷണ കേസുകൾ ബാബു ഖുറേഷി എന്ന 42കാരന് എതിരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. കൂട്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന വീട്ടിൽ നിന്നും ലഭിച്ച സിസിടിവി വിഷ്വലിൽ കണ്ട ചെരുപ്പും അവിടേക്ക് എത്തിയ ഒരു പഴയ ടിവിഎസ് എക്സൽ വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഞ്ചിക്കോട്ടെ ഒരു വാടക വീട്ടിൽ നിന്നാണ് പ്രതിയെ വാളയാർ പൊലീസും കസബ പൊലീസും സംയുക്തമായി പിടികൂടിയത്. പകൽ കളവ് നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ നോക്കിവെക്കുകയും രാത്രിയോ മഴയുള്ള സമയത്തോ കളവ് നടത്തുകയുമാണ് രീതി. കളവിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് പ്രതി ഉപയോഗിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് പിടിയിലാവുന്നത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് എഎസ്പി ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവ് എന് എസ്, വാളയാർ പൊലീസ് സ്റ്റേഷന് ഇൻസ്പെക്ടർ ആദം ഖാൻ എന്നിവരുടെ നേതൃത്വത്തിൽ വാളയാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹർഷാദ് , കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ് സി കെ, സീനിയർ പൊലീസ് ഓഫീസർമാരായ സുഭാഷ് , രാജീദ് ആർ, ജയപ്രകാശ്, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Last Updated Nov 14, 2023, 10:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]