
ഇടുക്കി: വിദ്യാവാഹിനി പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന കരാറുകാർക്ക് പണം മുടങ്ങിയ വാർത്തയിൽ സർക്കാർ ഇടപെടൽ. ഒരു മാസത്തെ പണം കരാറുകാർക്ക് നൽകിയിരിക്കുകയാണ് പട്ടികവർഗവകുപ്പ്. ബാക്കി തുക 15 ദിവസത്തിനുള്ളിൽ നൽകുമെന്നും ഉറപ്പും നൽകി. ഇതോടെ ഇന്നുമുതൽ 35 കുട്ടികളും സ്കൂളിലേക്ക് എത്തും. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി താളം തെറ്റിയതിനെ തുടർന്ന് ഒരാഴ്ചയായി സ്കൂളില്‍ പോകാതെ ഊരിനുള്ളില്‍ കഴിയുന്ന അടിമാലി കുറത്തികുടിയിലെ 35 കുട്ടികളെക്കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. നാല് മാസത്തെ കുടിശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെയാണ് വനത്തിനുള്ളില്‍ താമസിക്കുന്ന കുട്ടികള്‍ ഇരുട്ടിലായത്.
നാല് മാസത്തെ കുടിശ്ശികയാണ് പട്ടികവർഗ വകുപ്പ് കരാറുകാർക്ക് നൽകാനുണ്ടായിരുന്നത്. ഓരോ മാസവും കൃത്യമായി കുട്ടികളുടെ റിപ്പോര്‍ട്ട് സ്കൂള്‍ പട്ടിക വർഗ്ഗ വകുപ്പിന് കൈമാറണം. കിട്ടിയാലുടന്‍ വാഹനങ്ങള്‍ക്ക് പണം പാസാക്കി കൊടുക്കണം. ഇതാണ് ചട്ടം. റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയെന്നും ഉടന്‍ പാസാക്കുമെന്നുമായിരുന്നു വിഷയത്തിൽ പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ വിശദീകരണം. എന്തായാലും കരാറുകാർക്ക് കിട്ടാനുള്ള പണം ലഭ്യമായതിന്റെ പശ്ചാത്തലത്തിൽ കുറത്തിക്കുടിയിലെ കുഞ്ഞുങ്ങൾക്ക് ഇനി സ്കൂളിൽ പോകാം.
Last Updated Nov 14, 2023, 11:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]