
കഴിഞ്ഞ 20 വർഷത്തിനിടെ പാകിസ്ഥാന് ചൈന നൽകിയത് കണക്കുകൂട്ടിയിരുന്നതിനേക്കാൾ കൂടുതൽ വായ്പ. 2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന പാക്കിസ്ഥാന് നൽകിയ കടം. ലോകബാങ്കിന്റെ അന്താരാഷ്ട്ര കടബാധ്യതാ സ്ഥിതി വിവരക്കണക്കിൽ രേഖപ്പെടുത്തിയത് 46 ബില്യൺ ഡോളറെന്നായിരുന്നു. ഇതിനേക്കാൾ 21 ബില്യൺ ഡോളർ കൂടുതൽ വായ്പ ചൈന പാക്കിസ്ഥാന് നൽകിയതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. യുഎസിലെ വില്യം ആൻഡ് മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷണ സ്ഥാപനമായ എയിഡ് ഡേറ്റയാണ് പുതിയ കണക്കുകൾ തയാറാക്കിയത്. റോഡ് നിർമാണ രംഗത്ത് വായ്പ നൽകാനായിരുന്നു ചൈനയ്ക്ക് താൽപര്യമുണ്ടായിരുന്നത് എങ്കിലും ഊർജരംഗത്ത് കൂടി വായ്പ ലഭ്യമാക്കണമെന്ന് പാകിസ്ഥാൻ ചൈനയെ നിർബന്ധിക്കുകയായിരുന്നു.
:
കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന പാകിസ്ഥാൻ, കടബാധ്യത ഒഴിവാക്കാൻ ഈ വർഷം അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് 3 ബില്യൺ ഡോളർ സഹായം തേടിയിരുന്നു.
ചൈന പാക്കിസ്ഥാന് നൽകിയ വായ്പയിൽ 28.4 ബില്യൺ ഡോളർ ഊർജ്ജ മേഖലയിലാണ്. 67.2 ബില്യൺ ഡോളറിന്റെ മൊത്തം ധനസഹായത്തിൽ 2013 മുതൽ 2017 വരെ അധികാരത്തിലിരുന്ന നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ സർക്കാരാണ് 36 ബില്യൺ ഡോളറും കടമെടുത്തത്. രാജ്യം പ്രക്ഷുബ്ധമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, ചൈനീസ് കടഭാരം പാകിസ്ഥാനിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായേക്കും എന്നാണ് സൂചന
Last Updated Nov 14, 2023, 4:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]