
നല്ല സ്വാദിഷ്ടമായ സ്ട്രോബെറി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? അത്തരം സ്ട്രോബെറി പ്രേമികൾക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണിത്. ദിവസവും എട്ട് സ്ട്രോബെറി വീതം കഴിക്കുന്നത് വിഷാദവും ഡിമെൻഷ്യയും തടയാൻ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.
സിൻസിനാറ്റി സർവകലാശാലയിലെ () ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും ഒരു കപ്പ് സ്ട്രോബെറി അല്ലെങ്കില്‍ എട്ട് സ്ട്രോബെറി വീതം 12 ആഴ്ച കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറവിനെ തടയാനും മാനസികാവസ്ഥ മെച്ചപ്പെടാനും സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. ന്യൂട്രിയന്റ്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
അമിതഭാരമുള്ള 30 രോഗികളുടെ മെഡിക്കൽ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് ദിവസവും സ്ട്രോബെറി നല്കി. വിദഗ്ധർ രണ്ട് ഗ്രൂപ്പുകളെയും 12 ആഴ്ച നിരീക്ഷിച്ചു. പതിവായി സ്ട്രോബെറി കഴിച്ചവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞതായും മെമ്മറി പവര്‍ വര്‍ധിച്ചതായും കണ്ടെത്തി എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ആന്റി ഓക്സിഡന്റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. വിറ്റാമിന്‍ സിയും സ്ട്രോബെറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Nov 14, 2023, 2:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]