
കോവിഡിന് ശേഷം, ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തുന്നവരാണ് മിക്കവരും. ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രാധാന്യം കൂടുതൽ ആളുകൾ മനസ്സിലാക്കാൻ തുടങ്ങി. ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും പ്രായമായവരിലും മുതിർന്ന പൗരന്മാരിലും മാത്രമല്ല, ചെറുപ്പക്കാർക്കിടയിലും കൂടുതലായി കണ്ടുവരുന്നു. മെഡിക്കൽ ഫീസ്, മരുന്നുകൾ, ചികിത്സകൾ എന്നിവയുടെ ചെലവ് വർദ്ധിക്കുന്ന നിലവിലെ സാഹചര്യത്തിൽ , ശരിയായ ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് വളരെയധികം സഹായകരമായി മാറും.
ശരിയായ ആരോഗ്യ ഇൻഷുറൻസ് പോളിസി എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
ശരിയായ കവറേജ് നേടുക: ആരോഗ്യ ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്യുന്ന കവറേജ് കൃത്യമായി പരിശോധിക്കണം. പോളിസിയുടെ കീഴിൽ എല്ലാ മെഡിക്കൽ ചെലവുകളും ഉൾപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം . ഉദാഹരണത്തിന്, ആശുപത്രി ചെലവുകൾ, ആംബുലൻസ് നിരക്കുകൾ, പണരഹിത ചികിത്സ, ഡേകെയർ ചെലവുകൾ, പ്രസവ ചെലവുകൾ മുതലായവ
വെയിറ്റിംഗ് പിരീഡ് നിബന്ധന പരിശോധിക്കുക: നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരും.വളരെ കുറഞ്ഞ കാത്തിരിപ്പ് കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, പോളിസി ആരംഭിച്ച തീയതി മുതൽ 2-4 വർഷത്തെ കാലയളവിന് ശേഷമാണ് പ്രസവ ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. പല ഇൻഷുറൻസ് കമ്പനികളും പലതരത്തിലുള്ള കാത്തിരിപ്പ് കാലയളവ് മുന്നോട്ട് വയ്ക്കാറുണ്ട് .ഇത് താരതമ്യം ചെയ്ത് മാത്രം പോളിസിയെടുക്കുക
കുടുംബത്തിനുള്ള ഇൻഷുറൻസ് : കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിനേക്കാൾ ഒരു ഫാമിലി ഫ്ലോട്ടർ പ്ലാൻ വാങ്ങുന്നതാണ് ഗുണകരം. സാധാരണയായി, കുടുംബത്തിലെ എല്ലാവർക്കും ഒരേ സമയം അസുഖം വരില്ല, അതിനാൽ ആവശ്യാനുസരണം, ഫ്ലോട്ടർ അടിസ്ഥാനത്തിൽ ലഭ്യമായ ഇൻഷുറൻസ് തുക കുടുംബത്തിലെ ഏതൊരു അംഗത്തിനും ഉപയോഗിക്കാവുന്നതാണ്. അതിനാൽ, ഓരോ അംഗത്തിനും പ്രത്യേകം പ്രത്യേകം വ്യക്തിഗത ആരോഗ്യ പദ്ധതികൾ വാങ്ങുന്നതിന് പകരം ഒരു ഫാമിലി ഫ്ലോട്ടർ പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത് . താങ്ങാവുന്ന ചെലവിൽ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കാനിത് സഹായിക്കും.
ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് : മൊത്തം ലഭിച്ച ക്ലെയിമുകളിൽ ഇൻഷുറൻസ് കമ്പനി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണം ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ അല്ലെങ്കിൽ സിഎസ്ആർ എന്നറിയപ്പെടുന്നു. കമ്പനിയുടേത് ഉയർന്ന സിഎസ്ആർ ആണെങ്കിൽ നിങ്ങളുടെ ക്ലെയിമുകൾ തീർപ്പാക്കാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതം ഉള്ള കമ്പനി തിരഞ്ഞെടുക്കുക.
ആജീവനാന്ത പോളിസി: ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് അതിന്റെ പുനരുപയോഗമാണ്. കാരണം, ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ഏറ്റവും പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ്. ആ സമയത്ത് ഒരു പുതിയ പോളിസി വാങ്ങുന്നതിന് ഉയർന്ന പ്രീമിയം നിരക്ക് ഉണ്ടായിരിക്കും. അതിനാൽ, വീണ്ടും പുതുക്കി ഉപയോഗിക്കാവുന്ന പോളിസി തിരഞ്ഞെടുക്കുന്നതായിരിക്കും ഗുണകരം
Last Updated Nov 13, 2023, 6:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]