
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും ധൂർത്തും സാമ്പത്തിക തകർച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാനാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുന്നതെന്നു യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. രണ്ടിന് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് വിചാരണ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ജില്ലകളിൽ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ജില്ലാ തല ഉദ്ഘാടനവും അന്നുനടക്കും. ഉദ്ഘാടനത്തിനു ശേഷം സദസ്സിൽ യു.ഡി.എഫ് തയാറാക്കിയ സർക്കാരിനെതിരെ തകരുന്ന കേരളത്തിന്റെ നേർചിത്രം ജനങ്ങൾക്കുമുമ്പിൽ കുറ്റപത്രമായി സമർപ്പിക്കും. ഒപ്പം സദസ്സിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുകയും ചെയ്യും.
സർക്കാരിനെതിരായ വിചാരണ സദസ്സിൽ യു.ഡി.എഫ് പ്രവർത്തകർക്കു പുറമേ സർക്കാരിൽ നിന്നു പണം കിട്ടാതെ കഷ്ടത അനുഭവിക്കുന്ന നെൽ, നാളികേര, റബ്ബർ കർഷകർ, കെ.എസ്.ആർ.ടി.സി അടക്കമുള്ള സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവർ, ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ, മത്സ്യ തൊഴിലാളികൾ, സാമൂഹ്യക്ഷേമ പെൻഷനും, ചികിത്സാ സഹായവും ലഭിക്കാത്തവർ, പി.എസ്.സി റാങ്ക് ലിസ്റ്റിൽപെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജോലിക്കു കാത്തിരിക്കുന്ന തൊഴിൽരഹിതർ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും.
ദുരിതമനുഭവിക്കുന്നവരുടെ കാഴ്ചപ്പാടുകൾ പറയാൻ അവർക്കു അവസരവും നൽകും. വിചാരണ സദസ്സ് നടത്തി സർക്കാരിന്റെ അവകാശ വാദങ്ങൾ തുറന്നു കാണിക്കുമെന്നും ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ചുമലിൽ അള്ളിപ്പിടിച്ച് കിടക്കുന്ന രാഷ്ട്രീയ വേതാളമാണ് പിണറായി സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ധൂർത്തിനുള്ള പണം കണ്ടെത്താൻ ജനങ്ങളുടെ മേൽ വിലർധനയും നികുതി ഭാരവും അടിച്ചേൽപിച്ച് ശ്വാസം മുട്ടിക്കുകയാണ്.
ആലപ്പുഴയിലെ കർഷക ആത്മഹത്യാ ദുഃഖകരമാണ്. കർഷക ആത്മഹത്യയ്ക്ക് കാരണം സർക്കാരാണ്. മുഖ്യമന്ത്രിയും ഭക്ഷ്യ-കൃഷി-ധനകാര്യമന്ത്രിമാരാണ് കർഷക ആത്മഹത്യയിൽ ഒന്നും മുതൽ നാലുവരെ പ്രതികൾ. സർക്കാരിന്റെ പരാജയം സമ്മതിക്കാതെ ബാങ്കുകളുടെ തലയിൽ വയ്ക്കുകയാണ് സി.പി.എം നേതാക്കളും മന്ത്രിമാരും ചെയ്യുന്നത്.
നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെന്നു വിളിപ്പിച്ചവർ അധികാരത്തിലെത്തിയപ്പോൾ നമ്മുളു കൊയ്യും നെല്ലെല്ലാം സർക്കാരിന്റേതാകും സഖാക്കളെ എന്നാണ് മുദ്രാവാക്യം. കൂടുതൽ ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. മരിച്ച കർഷക കുടുംബങ്ങളിലെ അംഗങ്ങളെ കൃഷി വകുപ്പ് ദത്തെടുക്കണമെന്ന് ഹസൻ പറഞ്ഞു.
നവ കേരള സദസ്സിനായി തദ്ദേശസ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഭരണ സമിതിയെ മറികടന്ന് ചട്ടവിരുദ്ധമായി രാഷ്ട്രീയ പരിപാടിക്ക് തുക അനുവദിച്ചാൽ ആ ഉദ്യോഗസ്ഥൻ ബുദ്ധിമുട്ടേണ്ടിവരുമെന്നു ഹസൻ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയെ തുരങ്കം വെച്ച് അട്ടിമറിച്ച ശേഷം മേനിപറയുന്ന മുഖ്യമന്ത്രിയും സർക്കാരും സ്വയം അപഹാസ്യരാവുകയാണ്. കടുത്ത സാമ്പത്തിക പ്രതിന്ധിയിലാണ് സംസ്ഥാനം. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷൻ വകയിലും സാധാരണജനങ്ങൾക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരിലും കോടികളാണ് നൽതാനുള്ളത്. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനുള്ള രണ്ടാം ഗഡു സാമ്പത്തുക സഹായം നൽകിയിട്ടില്ല. സപ്ലൈകോയും കോടികളുടെ കടത്തിലാണ്. അതിനിടെ അവശ്യസാധനങ്ങളുടെ വിലയും കൂട്ടുന്നു.
വിലക്കയറ്റം കൊണ്ട് സാധാരണക്കാരായിരിക്കും ആത്മഹത്യയ്ക്ക് മുതിരുന്നത്. സർക്കാർ നയാപൈസപോലും ഇവർക്കൊന്നും കൊടുക്കുന്നില്ല. നികുതിപിരിവ് പോലും ശരിയാം വിധം നടക്കുന്നില്ല. പകരം ഈ ഉദ്യോഗസ്ഥരെ സർക്കാരിന്റെ പ്രചാരണ പരിപാടികളുടെ പണം പിരിക്കാൻ നിയോഗിക്കുകയാണ്. സ്പോൺസർഷിപ്പിന് പുറമെ സഹകരണ-തദ്ദേശ സ്ഥാപനങ്ങൾക്കും നവകേരള സദസ്സിന്റെ പേരിൽ പണം നൽകുന്നതിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴുവർഷമായി കേന്ദ്ര സർക്കാരിനെതിരെ സമരവും പേരിന് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് പോലും നടത്താത്ത എൽ.ഡി.എഫ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദൽഹിയിൽ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാത്രമാണ്. മോദിയുടെ രഥയാത്രയും പിണറായി വിജയന്റെ ബസ്സ് യാത്രയും തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള യാത്രകളാണ്.