
വാഷിങ്ടൺ: ജന്മനാ രണ്ട് ഗർഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗർഭം. അമേരിക്കൻ സ്റ്റേറ്റായ അലബാമ സ്വദേശിനിക്കാണ് അപൂർവ്വമായ അനുഭവം. വരുന്ന ക്രിസ്മസ് ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ഇവർ ജന്മം നൽകും. കെൽസി ഹാച്ചറും ഭർത്താവ് കാലബും തങ്ങളെ തേടിയെത്തിയ സൌഭാഗ്യമായാണ് ഇതിനെ കാണുന്നത്. ഇവർക്ക് ഏഴും നാലും രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്.
രണ്ടുപേർ വയറ്റിൽ വളരുന്നുണ്ടെന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ, ‘നീ കള്ളം പറയുകയാണ്.’ എന്നായിരുന്നു പ്രതികരണമെന്ന് കെൽസി പറഞ്ഞു. രണ്ട് ഗർഭാശയങ്ങളുള്ളതും, ഓരോന്നിനും അതിന്റേതായ സെർവിക്സുള്ളതുമായ അവളുടെ അവസ്ഥയെക്കുറിച്ച് കെൽസിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കെൽസിയുടെ ഗർഭം അതീവ അപകടസാധ്യതയുള്ളതാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അപൂർവ്വങ്ങളിൽ അപൂർവ്വമായ അവസ്ഥയാണിതെന്നും, കരിയറിൽ ഇത്തരമൊരു സംഭവം മിക്ക ഗൈനക്കോളജിസ്റ്റിനും കാണാൻ സാധിക്കാറില്ലെന്നും ഗൈനക്കോളജിസ്റ്റായ ശ്വത പട്ടേൽ പറയുന്നു.
മയോ ക്ലിനിക്ക് വിശദീകരിക്കുന്നത് പ്രകാരം, ചില സ്ത്രീകളിൽ ജനനസമയത്ത് കാണപ്പെടുന്ന ഒരു അപൂർവ അവസ്ഥയാണ് ഇരട്ട ഗർഭപാത്രം. ഒരു സ്ത്രീ ഭ്രൂണം വളരുന്ന ഘട്ടത്തിൽ, ഗർഭപാത്രം രണ്ട് ചെറിയ ട്യൂബുകളായാണ് രൂപപ്പെടുന്നത്. വളരുന്നതിനനുസരിച്ച്, ട്യൂബുകൾ കൂടിച്ചേർന്നാണ് ഗർഭപാത്രമായി രൂപാന്തരപ്പെടുന്നത്. ചിലപ്പോൾ ട്യൂബുകൾ പൂർണ്ണമായി ചേരില്ല. പകരം, ഓരോന്നും പ്രത്യേക അവയവമായി വികസിച്ചുവരും. ഇതാണ് ഇരട്ട ഗർഭപാത്രമാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഗർഭപാത്രത്തിന് യോനിയിലേക്ക് ഒരു ഗർഭാശയമുഖം ഉണ്ടാകാറാണ് പതിവ്. ചിലപ്പോൾ ഇത് രണ്ടാവുകയും ചെയ്യാറുണ്ട്.
ഇത്തരത്തിൽ ഇരട്ട ഗർഭപാത്രമുള്ള സ്ത്രീകളിൽ പലപ്പോഴും ഗർഭം വിജയകരമായി പൂർത്തിയാക്കാറുണ്ട്. എന്നാൽ അപൂർവ്വ സമയങ്ങളിൽ, ഗർഭം അലസൽ, മാസം തികയാതെ പ്രസവം എന്നിവ സംഭവിക്കാറുണ്ട്. സ്ത്രീകളിൽ ആയിരം പേരിൽ മൂന്ന് പേർക്ക് എന്ന നിലയിലാണ് ഇരട്ട ഗർഭപാത്രം കണ്ടുവരുന്നത്. കെല്‍സിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പ്രസവസമയത്തെ ഗര്‍ഭപാത്രങ്ങളുടെ വികാസവും സങ്കോചവും ഏത് തരത്തിലാണെന്ന് നോക്കുമെന്നും, പ്രസവം ഒരേ രീതിയിലാണോ തുടങ്ങി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഹൈ റിസ്ക് പ്രഗ്നന്സീസില് സ്പെഷ്യലൈസ് ചെയ്ത ഡോക്ടർ റിച്ചാര്‍ഡ് ഡേവിസ് പറഞ്ഞു.
Last Updated Nov 13, 2023, 9:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]