
മലപ്പുറം: മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിന്‍ എത്തുന്ന സമയത്ത് പാളം മുറിച്ചു കടന്നയാളെ കണ്ടെത്താൻ ആർ പി എഫ് അന്വേഷണം ഊർജ്ജിതമാക്കി. ചീറിപ്പായുന്ന വന്ദേ ഭാരതിന് മുന്നിലൂടെ പാളം മുറിച്ചു കടന്ന വയോധികനെ തിരിച്ചറിയാനായി ആർ പി എഫ് ലോക്കൽ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച ആർ പി എഫ് വിശദമായ പരിശോധനയും നടത്തി. വയോധികൻ ഒറ്റപ്പാലം സ്വദേശി ആണെന്നാണ് ആർ പി എഫിന്റെ നിഗമനം. ഈ സി സി ടി വി ദൃശ്യങ്ങൾ ആർ പി എഫ്, പൊലീസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് എടുക്കുമെന്ന് ആർ പി എഫ് അറിയിച്ചിരുന്നു. ആർ പി എഫിനൊപ്പം ലോക്കൽ പൊലീസും രംഗത്തെത്തിയതോടെ എത്രയും വേഗം ആളെ കണ്ടെത്താമെന്നാണ് പ്രതീക്ഷ.
അതിനിടെ മലപ്പുറം തിരൂരിൽ വയോധികൻ വന്ദേ ഭാരതിന് മുന്നിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ലോക്കോ പൈലറ്റുമാർ ഇന്ന് രംഗത്തെത്തിയിരുന്നു. 110 കിലോമീറ്റർ സ്പീഡിലാണ് ട്രെയിൻ കടന്നുപോയതെന്നും ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്നും ലോക്കോ പൈലറ്റും അസി .ലോക്കോപൈലറ്റും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയോധികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ട്രെയിനോടിച്ച ലോക്കോ പൈലറ്റ് പറയുന്നത്. തിരൂരിൽ സ്റ്റോപ് ഇല്ലാത്തത് കൊണ്ട് അതിവേഗത്തിലായിരുന്നു ട്രെയില്‍ പോയിക്കൊണ്ടിരുന്നത്. 110 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ കടന്നുപോയത്. ബി പി കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടതെന്നും ലോക്കോ പൈലറ്റ് വിവരിച്ചു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഹോണടിച്ചിട്ടും ആള് മാറിപ്പോകാത്ത അവസ്ഥയായിരുന്നു. പെട്ടെന്നാണ് ഒരാൾ മുന്നിലേക്ക് കയറി വന്നത്. അയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഞങ്ങൾക്ക് തന്നെ അത്ഭുതമായിരുന്നുവെന്നും ലോക്കോ പൈലറ്റുമാർ വിശദീകരിച്ചു. അതിവേഗതയിൽ പാഞ്ഞെത്തിയ വന്ദേ ഭാരത് ട്രെയിനിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് വയോധികൻ രക്ഷപ്പെട്ട ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്.
Last Updated Nov 14, 2023, 12:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]