തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരം പടരുന്നു. മുപ്പതിലധികം പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
രോഗബാധിതരിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. ഞായറാഴ്ച മാത്രം നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ മാസം രോഗബാധിതരായവരുടെ എണ്ണം 20 കടന്നു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ 61 പേർക്കാണ് രോഗം പിടിപെട്ടത്, ഇതിൽ 15 പേർ മരണത്തിന് കീഴടങ്ങി. ഈ വർഷം ആകെ 108 പേർക്ക് രോഗം ബാധിക്കുകയും 25 പേർ മരിക്കുകയും ചെയ്തു.
മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. അതേസമയം, ഉയർന്ന മരണസാധ്യതയുള്ള ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ നൽകി രോഗികളെ രക്ഷിക്കാനാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 24 ശതമാനത്തോളമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിലും ആരോഗ്യവകുപ്പ് വെല്ലുവിളി നേരിടുകയാണ്.
മരണപ്പെട്ടവരുടെ ഉൾപ്പെടെയുള്ള കേസുകളിൽ രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്താനാകുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങൾ ഇതിന് ഉദാഹരണമാണ്.
പട്ടാഴിയിൽ മരിച്ച കശുവണ്ടി തൊഴിലാളിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. കടയ്ക്കലിൽ മരിച്ചയാൾ കുളിച്ചിരുന്ന അമ്പലക്കുളത്തിലും വീട്ടിലെ കിണറിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും, രോഗം പകർന്നത് എവിടെ നിന്നാണെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല.
തിരുവനന്തപുരത്ത് പൈപ്പ് വെള്ളം ഉപയോഗിക്കുന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ഓഗസ്റ്റ് മാസം സർക്കാർ തീവ്രശുചീകരണ യജ്ഞം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും ജലസംഭരണികൾ വൃത്തിയാക്കാനും നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ച് ജനകീയ ക്യാമ്പയിനും തുടക്കമിട്ടിരുന്നു.
എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും രോഗികളുടെ എണ്ണം വർധിക്കുന്നത് ശുചീകരണ യജ്ഞത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]