കൊച്ചി ∙ കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി 81 ലക്ഷം
സംഭവത്തിൽ 4 പേർ കൂടി പിടിയിൽ. കേസിലെ ഒന്നാം പ്രതിയും പ്രധാന സൂത്രധാരനുമായ തൃപ്പൂണിത്തുറ നടമ സ്വദേശി ജോജി, മുഖംമൂടി ധരിച്ച് തോക്കു ചൂണ്ടി പണവുമായി കടന്ന സംഘത്തിലെ ജെയ്സൽ ഫ്രാൻസിസ് (30), അഭിനാസ് കുര്യാക്കോസ് (28), പണം സൂക്ഷിക്കാൻ സഹായം ചെയ്ത ലെനിൻ എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 30 ലക്ഷം രൂപയും കവർച്ചപ്പണം ഉപയോഗിച്ച് വാങ്ങിയ 14 ലക്ഷം രൂപയുടെ ഏലവും പൊലീസ് പിടിച്ചെടുത്തു. കേസിലെ പ്രധാന സൂത്രധാരനായ അഭിഭാഷകൻ ഉൾപ്പെടെ 11 പേർ ഇതുവരെ പിടിയിലായി.
ഈ മാസം എട്ടിനാണ് കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ എന്ന കമ്പനിയിൽ നിന്ന് സംഘം തോക്കുചൂണ്ടി 81 ലക്ഷം രൂപയുമായി കടന്നത്.
തമിഴ്നാട് ആസ്ഥാനമായുള്ള ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന പണം ഇരട്ടിയാക്കുന്ന റാക്കറ്റു വഴി 81 ലക്ഷം രൂപ 1.10 കോടിയാക്കി മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് സജി കമ്പനി ഉടമ സുബിൻ ജോസഫിനെ സമീപിക്കുകയായിരുന്നു. റാക്കറ്റിന്റെ ആളുകളെന്ന നിലയിൽ ജോജിയേയും വിഷ്ണുവിനേയും പരിചയപ്പെടുത്തുകയും ചെയ്തു.
കൊച്ചിയിലെ തന്നെ ഒരു ഹോട്ടലിൽ വച്ച് പരിചയപ്പെട്ടതിനു ശേഷമാണ് സംഘം കമ്പനിയിലേക്ക് എത്തിയത്. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മൂന്നംഗ മുഖംമൂടി സംഘം സ്ഥലത്തെത്തി തോക്കുചൂണ്ടി കവർച്ച നടത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു.
മുഖംമൂടി സംഘത്തിലെ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്.
ജോജിയേയും ലെനിനേയും ഇടുക്കിയിൽ നിന്നും മറ്റു 2 പേരെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കവർച്ച നടത്തി തൃശൂരിലേക്കു മുങ്ങിയ പ്രതികൾ തിരികെ കാക്കനാട് എത്തി അവിടെ നിന്ന് ഇടുക്കിയിലേക്കു കടന്ന പ്രതികൾ പോണ്ടിച്ചേരിയിലേക്കും ബെംഗളൂരുവിലേക്കും മുങ്ങി.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ മറ്റു മാർഗങ്ങളിലൂടെ ആയിരുന്നു പൊലീസിന്റെ അന്വേഷണം. ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ജെയ്സലിനെയും അഭിനാസിനേയും പിടികൂടി.
കവർച്ച ചെയ്ത പണത്തിൽ നിന്നാണ് 14 ലക്ഷം രൂപ ചെലവഴിച്ച് ഇവർ ഇടുക്കിയിൽ ഏലം വാങ്ങി സൂക്ഷിച്ചത്.
ജോജിക്കൊപ്പം ഇടനിലക്കാരനായി എത്തിയ തൃശൂർ നാട്ടിക ബീച്ച് പുളിക്കൽ പി.വി.വിഷ്ണു (30) ആണ് രണ്ടാം പ്രതി. മുഖംമൂടി ധാരികളാണ് മൂന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.
നോട്ടിരട്ടിപ്പ് ഇടപാടുമായി കമ്പനി ഉടമയെ സമീപിച്ച വടുതല മണ്ടക്കര വീട്ടിൽ എം.എസ്.സജി, കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്ന അഭിഭാഷകനായ കൊച്ചി എസ്ആർഎം റോഡ് കണ്ണിടത്തു വീട്ടിൽ നിഖിൽ നരേന്ദ്രനാഥ്, പള്ളുരുത്തി കണ്ണോത്തു പീടികയിൽ ബുഷറ, ചേരാനല്ലൂർ താമരശേരി വീട്ടിൽ ആസിഫ് ഇക്ബാൽ എന്നിവരാണ് ആറു മുതൽ 9 വരെയുള്ള പ്രതികൾ. പ്രതികൾക്ക് രക്ഷപെടാൻ സഹായം ചെയ്തതിന് അറസ്റ്റിലായ അർജുൻ പത്താം പ്രതിയും നിഹാസ് പതിനൊന്നാം പ്രതിയുമാണ്.
മുഖംമൂടി സംഘത്തിൽ ഉൾപ്പെട്ട രാഹുലിന്റെ സഹോദരനാണ് അർജുൻ.
സംഘം യാത്ര ചെയ്ത രണ്ടു കാറുകൾ നാട്ടികയിൽ നിന്നും ചാവക്കാടു നിന്നുമായി പൊലീസ് പിടികൂടിയിരുന്നു. പ്രതികൾ ഉപയോഗിച്ച എയർഗണ്ണിന്റെ കവറും 20 ലക്ഷം രൂപയും വിഷ്ണുവിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഇതോടെ കവർച്ച ചെയ്ത പണത്തിലെ 50 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]