
പറവൂർ: പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കൾക്കും ലഭിക്കും. വായ്പാത്തുക അടക്കുമെന്ന് പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ്, സ്ഥിര നിക്ഷേപമായി കുടുംബത്തിന് പത്ത് ലക്ഷം രൂപയും മെച്ചപ്പെട്ട ജീവിതം കുടുംബത്തിന് ഉറപ്പാക്കാൻ ജോലിയും വാഗ്ദാനം ചെയ്തു. എട്ട് ലക്ഷം രൂപ കടം തീർക്കാനും 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരിൽ നൽകുമെന്നാണ് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് പറഞ്ഞത്. എട്ട് ലക്ഷം രൂപയുടെ ചെക്ക് സന്ധ്യക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ കൈമാറി.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും കൊണ്ട് എങ്ങോട്ടുപോകുമെന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നിൽ പകച്ച് നിന്ന പറവൂർ വടക്കേക്കര കണ്ണെഴത്ത് വീട്ടിലെ സന്ധ്യയുടെ ജീവിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തെത്തിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു മണപ്പുറം ഫിനാൻസിൽ നിന്നും 2019ൽ 4 ലക്ഷം രൂപാ വായ്പ എടുത്തത്. രണ്ട് വർഷം മുൻപ് മക്കളെയും സന്ധ്യയെയും ഉപേക്ഷിച്ച് ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം പോയെന്നാണ് സന്ധ്യ പറയുന്നത്. രണ്ട് മക്കളെയും കൊണ്ട് തനിച്ച് കഴിയുന്ന സന്ധ്യയ്ക്ക് വസ്ത്രക്കടയിൽ ജോലി ചെയ്യുന്ന വരുമാനം കൊണ്ടുമാത്രം വായ്പ തിരിച്ചടവ് സാധ്യമാകാതെ വന്നതോടെയാണ് തിരിച്ചടവ് മുടങ്ങിപ്പോയത്.
സന്ധ്യയെ ഇന്ന് തന്നെ വീട്ടിനുള്ളിൽ കയറ്റിയില്ലെങ്കിൽ, പൂട്ട് തല്ലിപ്പൊളിച്ച് കേറ്റുമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണപ്പുറം ഫിനാൻസുമായി സംസാരിച്ചിരുന്നു. ഇത്തരത്തിലുള്ള ജപ്തികൾ നടക്കാൻ പാടില്ല. ലുലു ഗ്രൂപ്പിന്റെ സഹായം സ്വാഗതം ചെയ്യുന്നു എന്നും പറവൂർ എംഎഎൽഎ കൂടിയായ വിഡി സതീശൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]