
കൊച്ചി: കടത്തിന് മേലെ കടം പെരുകിക്കൊണ്ടിരുന്നപ്പോഴും തൻ്റെ മക്കളെ ചേർത്ത് പിടിച്ച് തോറ്റുകൊടുക്കാതെ പൊരുതിയ അമ്മയാണ് സന്ധ്യ. ജപ്തി ചെയ്യപ്പെട്ട വീടിന് മുന്നിൽ കളിപ്പാട്ടക്കാലം മാറാതെ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ ആ സ്ത്രീ നേരിട്ട ദുരിതങ്ങൾ ആരുടെയും മനസ് നോവിക്കുന്നത്. പറക്കമുറ്റാത്ത മക്കളെ ഉപേക്ഷിച്ച് ഭർത്താവ് പോയപ്പോഴും അവരെ ചേർത്ത് പിടിച്ച് തോൽക്കില്ലെന്ന മനസ്സുറപ്പോടെയാണ് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യ ജീവിച്ചത്.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് 2019 ൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇവർ നാല് ലക്ഷം രൂപ വായ്പയെടുത്തത്. രണ്ട് വർഷം മുൻപ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസമാക്കിയെന്ന് സന്ധ്യ പറയുന്നു. ഇതോടെ എല്ലാ ബാധ്യതകളും സന്ധ്യയുടെ ചുമലിലായി. ഇതിന് പുറമെ 8 ലക്ഷത്തോളം രൂപ കുടുംബത്തിന് വേറെയും കടമുണ്ട്. ഇതെല്ലാം സന്ധ്യയുടെ മാത്രം ഉത്തരവാദിത്തമായി.
രണ്ട് മക്കളെ ചേർത്ത് പിടിച്ച് സന്ധ്യ മുന്നോട്ട് തന്നെ പോയി. തന്റെ ജോലിയിൽ നിന്ന് ലഭിക്കുന്ന 9000 രൂപ വരുമാനം മാത്രമായിരുന്നു സന്ധ്യയുടെ ആശ്രയം. 8000 രൂപ ധനകാര്യ സ്ഥാപനത്തിൽ വായ്പാ തിരിച്ചടവിന് പ്രതിമാസം വേണ്ടിയിരുന്നു. ആയിരം രൂപ കൊണ്ട് 2 മക്കളുമായി ജീവിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. ഇതോടെ പലിശയ്ക്ക് മേലെ പലിശയായി കടം പെരുകി, അത് 12 ലക്ഷത്തിലേക്ക് എത്തി.
വായ്പ തിരിച്ചടക്കാൻ നിർധനയായ ആ അമ്മയ്ക്ക് മറ്റ് വഴികളൊന്നും മുന്നിൽ വന്നില്ല. ഇതോടെയാണ് വീട് ജപ്തി ചെയ്യുന്ന നിലയിലേക്ക് പോയത്. ഇന്ന് സന്ധ്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിന് മുന്നിൽ നോട്ടീസ് പതിച്ചു. വീട്ടിനകത്തെ സാധനങ്ങൾ പോലും ഇവർക്ക് എടുക്കാൻ കഴിഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വന്നതോടെ വീട്ടിനുള്ളിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് മണപ്പുറം ഫിനാൻസ് ലീഗൽ ഓഫീസർ അറിയിച്ചു. നിയമപരമായി അത് ചെയ്തു നൽകാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്. തൻ്റെ വീട്ടിൽ തിരികെ കയറാൻ കഴിയാതെ ഇനി പച്ചവെള്ളം കുടിക്കില്ലെന്ന് ദൃഢനിശ്ചയത്തിലാണ് സന്ധ്യ. തന്നെ മാത്രം പ്രതീക്ഷയോടെ നോക്കുന്ന രണ്ട് കുഞ്ഞുമക്കളെ നെഞ്ചോടി ചേർത്ത് ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ആ അമ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]