
.news-body p a {width: auto;float: none;}
ചാലക്കുടി: ആഫ്രിക്കൻ പായൽ, ആഫിക്കൻ ഒച്ച് തുടങ്ങിയവയ്ക്ക് പിന്നാലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി ചെഞ്ചെവിയൻ ആമകൾ പാടശേഖരങ്ങളിൽ മുട്ടയിട്ട് പെരുകുന്നു. അലങ്കാരജീവിയെന്ന നിലയിൽ വിലകൊടുത്തുവാങ്ങിയ ഇവ അക്വേറിയങ്ങളിൽ പെരുകിയതോടെയാണ് ഉപേക്ഷിക്കപ്പെട്ടത്. പാടശേഖരങ്ങളിലെ ചെടികളും അനുബന്ധ സാധനങ്ങളും അളവില്ലാതെ അകത്താക്കുന്നതോടൊപ്പം നാടൻ ആമകളുടെ നിലനിൽപ്പിനെയും ഈ ജീവി ഗുരുതരമായി ബാധിക്കും. ഇവയുടെ സഹവാസത്തിലൂടെ പരിസരത്ത് സാൽമോണെല്ല ബാക്ടീരിയകളും പെരുകും. തോട്ടിലെ വെള്ളത്തിൽ നിന്ന് ഈ ബാക്ടീരിയ മൂലം പനി, വയറിളക്കം തുടങ്ങി രോഗങ്ങളുണ്ടാകും. കാടുകുറ്റിയിലെ ക്ലാമത്തോടിൽ നിന്നും ഈയിടെ പലർക്കും ചെറുതും വലുതുമായ ചെഞ്ചെവിയൻ ആമകളെ കിട്ടി. കേട്ടറിഞ്ഞ് ഇവയെ ആളുകൾ വനപാലകർക്ക് കൈമാറി. ആകാര ഭംഗിയിൽ മുന്നിൽ നിൽക്കുന്ന ഇവ അമേരിക്കൻ വംശജരാണ്.
അഭിനിവേശം, അധിനിവേശമായി
മെക്സിക്കോയിൽ നിന്നാണ് ചെഞ്ചെവിയൻ ആമകളുടെ ആഗമനം. കൈവിരൽ വലുപ്പമുള്ളപ്പോൾ ഓമന ജീവികളായി ആളുകൾ അക്വേറിയത്തിലിടും. തലയിൽ പച്ചയും മഞ്ഞയും കലർന്ന നിറം ഇവയെ ആകർഷക ജീവികളാക്കി. മാസങ്ങൾക്കകം വളർന്നുവലുതായി മുട്ടയിട്ട് പെരുകുന്ന ഇവ അക്വേറിയത്തിൽ നിറയാൻ തുടങ്ങി. ഇവയെ ഉപേക്ഷിക്കാനുള്ള ഇടമായി പാടശേഖരങ്ങൾ മാറി. കീരിയാണ് ഇക്കൂട്ടരുടെ ഏക ശത്രു. കീരികൾ എണ്ണത്തിൽ കുറവായതിനാൽ വംശനാശ ഭീഷണിയുമില്ല. പത്ത് കിലോ വരെ തൂക്കം വരുന്ന ചെഞ്ചെവിയൻ ആമകളും പാടശേഖരങ്ങളിലുണ്ടെന്ന് പറയുന്നു. ഓമന ജീവികളെ വളർത്തുന്ന കൊവിഡ് കാലത്തെ ജനങ്ങളുടെ വിനോദമാണ് കടന്നുകയറ്റത്തിന് ആക്കം കൂട്ടിയത്.
ഓമനത്തത്തിന്റെ പേരിൽ വളർത്തുകയും ഒടുവിൽ പൊതുജലാശയങ്ങളിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതിലൂടെ ചെഞ്ചെവിയൻ ആമകൾ വ്യാപകമാകുന്നു. ഇവ ആവാസ വ്യവസ്ഥയെ തകർക്കുകയും തനതായ കാരാമ, വെള്ളാമ എന്നിവയുടെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യും. -ഡോ.സന്ദീപ് ദാസ്, ശാസ്ത്രജ്ഞൻ.
സവിശേഷതകൾ ഇവ
തലയിൽ പച്ചയും മഞ്ഞയും കലർന്ന നിറം
ഏത് കാലാവസ്ഥയിലും ജീവിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുപ്പതോളം മുട്ടകളിടും.
ആയുസ് മുപ്പതോളം വർഷം