
.news-body p a {width: auto;float: none;}
ദുബായ്: ഈ വർഷത്തെ അവസാനത്തെ യാത്ര സീസൺ അടുക്കുകയാണ്. ജിസിസി രാജ്യങ്ങളിലെ പ്രവാസികൾ അടക്കമുള്ളവർ നാട്ടിലേക്കുള്ളതും അവധിക്കാല യാത്രകളും ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനനിരക്ക് ഇത്തവണയും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് ശരാശരി 10.81 ശതമാനം കൂടുതലാണ്. എന്നാൽ കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ശൈത്യകാലത്തേക്കാൾ 7.33 ശതമാനം കുറവാണ്. ഉയർന്ന യാത്രാ ഡിമാൻഡ്, പണപ്പെരുപ്പ സമ്മർദം, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് വിലക്കയറ്റത്തെ നയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
ഉയർന്ന നിരക്കുകൾ ഉണ്ടായിരുന്നിട്ടും, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ലണ്ടൻ, പാരീസ് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരു മടിയും കാണിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. വിമാനയാത്രാ ചെലവ് ഉയരുമ്പോഴും ആഗോള യാത്രാ മേഖലയിൽ വലിയ വളർച്ച പ്രതിഫലിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രാവൽ ഓൺലൈൻ മാർക്കറ്റ് പ്ലേസായ വീഗോയുടെ അഭിപ്രായത്തിൽ, ജിസിസി രാജ്യങ്ങളിലെ യാത്രക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട നഗരമാണ് കെയ്റോ. വിഗോയുടെ ഇതുവരെയുള്ള തിരയൽ ഡാറ്റ പ്രകാരം ജിദ്ദ, ഇസ്താംബുൾ, കൊച്ചി, ബാങ്കോക്ക്, ലാഹോർ, ലണ്ടൻ, ദുബായ്, കുവൈറ്റ് എന്നിവ ഏറ്റവും കൂടുതൽ തിരഞ്ഞ ആദ്യ പത്ത് നഗരങ്ങളാണ്. ഈ നഗരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ വിലക്കുറവ് ലഭിക്കുന്നതിനായി കഴിയുന്നത്ര നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും വീഗോ പറയുന്നു.
ന്യൂഇയർ, ക്രിസ്തുമസ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസികൾക്കും ഉയർന്ന വിമാനനിരക്ക് വലിയ രീതിയിൽ ബാധിക്കും. കാലങ്ങളായി പ്രവാസികൾ നേരിടുന്ന ഈ പ്രശ്നത്തിൽ എപ്പോൾ ഒരു പരിഹാരമാകും എന്ന ചോദ്യമാണ് ഓരോ പ്രവാസികളും പരസ്പരം ചോദിക്കുന്നത്.