
തിരുവനന്തപുരം:കിലെയിലെ പിന്‍വാതില്‍ നിയമനത്തില്‍ ന്യായീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി.ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന് യോഗ്യതയുള്ള ആളാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളെ കിട്ടാഞ്ഞതുകൊണ്ടാണ് അവരെ നിയമിച്ചതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നിയമനത്തെ ധനവകുപ്പ് എതിര്‍ത്തത് കാര്യമാക്കേണ്ടതില്ല.സ്വാതന്ത്ര്യലബ്ദിക്ക് ശേഷം സംസ്ഥാനത്ത് ഇതുപോലെ നിരവധി താല്കാലിക നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിന്‍വാതില്‍ നിയമനത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവ് എന്നതിനപ്പുറം സൂര്യ ഹേമൻ ജേണലിസത്തിൽ റാങ്കുള്ള യോഗ്യയായ വ്യക്തിയാണ്. അവർക്കെതിരെ വാർത്ത വന്നതിനുപിന്നിൽ മറ്റു കാരണങ്ങളുണ്ട്. അവരെ കിലെയില്‍ നിയമിക്കുന്നതില്‍ തന്റെഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ആളെ ലഭിക്കാത്തതിനാല്‍ പുറത്തുനിന്നും നിയമിച്ചതിന്റെ മാനദണ്ഡം അറിയില്ല. ഏതുകാര്യവും അഴിമതിയാണെന്ന് പ്രചരിപ്പിക്കരുത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
തൊഴിൽമന്ത്രി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം നല്‍കിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. കിലെയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻ്റ്) പബ്ലിസിറ്റി അസിസ്റ്റൻ്റായി ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നത്. ആദ്യം എതിർത്ത ധനവകുപ്പാകട്ടെ, മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ നിയമനം സാധൂകരിക്കുകയും ചെയ്തു. സൂര്യക്ക് പുറമെ പത്തു പേരെയും കിലെയില്‍ പിന്‍വാതില്‍ വഴി നിയമിച്ചതിന്റെ വിശദാംശങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.
പ്രോജക്ട് കോഡിനേറ്റര്‍ മുതല്‍ സ്വീപ്പര്‍ വരെ പത്ത് പേരെ പാര്‍ട്ടി തലത്തിലാണ് കിലെയിലേക്ക് എടുത്തത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ
നോക്കുകുത്തിയാക്കിയുള്ള താല്കാലിക നിയമനത്തില്‍ എട്ടെണ്ണവും വി ശിവന്‍കുട്ടി കിലെയുടെ ചെയര്‍മാനായ കാലത്താണ്. മന്ത്രിയായതോടെ ഈ ജീവനക്കാരുടെ നിയമനം. സാധൂകരിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് നിരന്തരം കത്തുനല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 15 ന് ധനകാര്യവകുപ്പ് സെക്രട്ടറി നല്കിയ മറുപടിയില്‍ നിയമനം. സാധൂകരിക്കാനാകില്ലെന്നും കിലേയില്‍ ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചശേഷം വേണം നിയമനമെന്നും വ്യക്തമാക്കിയിരുന്നു
പ്രപ്പോസല്‍ സമര്‍പ്പിച്ചാല്‍ എന്താണ് സംഭവിക്കുക? ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കും. അപ്പോള്‍ പാര്‍ട്ടി നിയമനം നടക്കില്ല. ഇത് മറികടക്കാനാണ് ഡിവൈഎഫ്ഐ നേതാവിനെ ഉള്‍പ്പടെ നിയമിച്ചശേഷം സാധൂകരണത്തിനായി ധനവകുപ്പിനെ സമീപിച്ചത്. ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെ മന്ത്രിയും കിലെ ചെയര്‍മാനും മുഖ്യമന്ത്രിയെ വരെ കണ്ട് കാര്യം സാധിച്ചെടുത്തു.
Last Updated Oct 14, 2023, 3:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]