
തിരുവനന്തപുരം: തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തെിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെ എന്നും വീണ ജോർജ്ജ് പ്രതികരിച്ചു. ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചരണം നടത്തി എന്നും വീണ ജോർജ് പറഞ്ഞു.
വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോപണം പുറത്ത് വന്ന സമയത്തും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നുമായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും മന്ത്രി വസ്തുതകൾ നിരത്തി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറിയിരുന്നുവെന്നും. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വിശദമാക്കിയിരുന്നു.
അതേ സമയം,നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് പ്രതികളിലൊരാളായ ബാസിതും സമ്മതിച്ചു. കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. ബാസിതിനെ റിമാൻഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. ബാസിത്തും റഹീസും ലെനിനും ചേർന്നാണ് അഖിൽ സജീവിനെ കൊണ്ട് ഹരിദാസനെ ഫോൺ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ നിർദ്ദേശിച്ചത് ബാസിത്താണെന്നും പൊലീസ് പറയുന്നു. നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീർത്തിപ്പെടുത്താനും പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതിന്റെയും മുഖ്യ സൂത്രധാരൻ ബാസിത്താണെന്നും പൊലീസ് പറയുന്നുണ്ട്.
Last Updated Oct 13, 2023, 10:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]