
തൃശ്ശൂർ: ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍. സിയാ ഉള് ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവികളും മൊബൈല്‍ കോളുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള വ്യാപകമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഹരിയാനയില്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ നടത്തുന്ന പ്രതികള്‍ അവിടെ നിന്നും ശേഖരിക്കുന്ന ഐഡി കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് കൃത്രിമമായി ബാങ്ക് അക്കൗണ്ടുകൾ നിർമിക്കും. അക്കൗണ്ടിൽ ചെറിയ തുക നിക്ഷേപിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ എത്തി പണം എടിഎമ്മിലൂടെ പിൻവലിക്കും. എടിഎമ്മിൽ നിന്നും പണം പുറത്തുവരുന്നതിനിടെ സാങ്കേതിക പിഴവ് ഉണ്ടാക്കിയാണ് പണം കവരുന്നത്. തട്ടിപ്പുകാർക്ക് എടിഎം മെഷീനിൽ നിന്നും പൈസ കിട്ടുകയും അതേസമയം ബാങ്കുകൾക്ക് പണം നൽകിയില്ലെന്ന സന്ദേശം പോവുകയും ചെയ്യും.
പിന്നീട് ബാങ്കുകളെ സമീപിച്ച് പണം നേടിയെടുക്കുന്നതാണ് ഇവരുടെ രീതി. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ മലയോര ഗ്രാമത്തിലാണ് പ്രതികൾ കഴിഞ്ഞിരുന്നത്. ഇവിടെ രാത്രി നടത്തിയ തന്ത്രപരമായ റെയ്ഡിലൂടെയാണ് പൊലീസ് പ്രതികളെ കീഴടക്കിയത്. ഹരിയാന പോലീസിന്റെ സഹായവും പുതുക്കാട് പോലീസിനു ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം,മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ കവർച്ച നടത്തിയ അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിലെ മൂന്നു പേരെ ഉത്തരേന്ത്യയിൽ നിന്നും മാന്നാർ പൊലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ് ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു. യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായുളള അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഊർജിതമായി തുടരുന്നു. വരും ദിവസങ്ങളിൽ ഇവർ പിടിയിലാകാനാണ് സാധ്യത.
Last Updated Oct 14, 2023, 12:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]