വാഷിങ്ടൻ∙
നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ
നിന്ന് ഇസ്രയേൽ കടുത്ത പ്രതിഷേധം നേരിടുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇസ്രയേലിലേക്ക്. നിർണായക ചർച്ചകൾക്കായി റൂബിയോ ഇസ്രയേലിലേക്ക് തിരിച്ചു.
വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഇസ്രയേൽ അട്ടിമറിക്കാൻ ശ്രമിച്ചതായി ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് റൂബിയോയുടെ ഇസ്രയേൽ സന്ദർശനം. ഇസ്രയേൽ ആക്രമണത്തിൽ യുഎസും പ്രസിഡന്റ് ഡോണൾഡ് ട്രംപും സന്തുഷ്ടരല്ലെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗാസയിലെ സൈനിക വിന്യാസം, ഹമാസിനെതിരായ നീക്കം, ദോഹയിൽ നടത്തിയ വ്യോമാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ റൂബിയോ ഇസ്രയേൽ നേതാക്കളുമായി ചർച്ച ചെയ്തേക്കും. ബന്ദികളുടെ കുടുംബങ്ങളുമായും റൂബിയോ കൂടിക്കാഴ്ച നടത്തും.
ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ യുഎസിന്റെ മുൻഗണനകളും മിഡിൽ ഈസ്റ്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റൂബിയോ ഇസ്രയേലിനെ അറിയിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കിടയിൽ ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണം മധ്യസ്ഥനായ ഖത്തറിനെയും മേഖലയിലെ മറ്റ് പ്രധാന യുഎസ് സഖ്യകക്ഷികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
ഫ്രാൻസും കാനഡയും ഉൾപ്പെടെ നിരവധി യുഎസ് സഖ്യകക്ഷികൾ പലസ്തീനെ അംഗീകരിക്കുമെന്ന പ്രഖ്യാപനം നടത്തി. ഈ സാഹചര്യത്തിലാണ് റൂബിയോയുടെ നിർണായക ഇസ്രയേൽ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, യുഎസും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ഖത്തറിലെ ആക്രമണം ബാധിക്കില്ലെന്നും എന്നാൽ ഹമാസ് തടവിലാക്കിയിരിക്കുന്ന മുഴവുൻ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഭീകരരെ ഇല്ലാതാക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനുമുള്ള ട്രംപിന്റെ ശ്രമങ്ങളെ ഈ ആക്രമണം എങ്ങനെ ബാധിക്കുമെന്ന് ഇസ്രയേലുമായി ചർച്ച ചെയ്യുമെന്നും റൂബിയോ പറഞ്ഞു.
“ഇനിയും 48 ബന്ദികളെ മോചിപ്പിക്കേണ്ടതുണ്ട്.
ഇത് അവസാനിച്ചുകഴിഞ്ഞാൽ, ജനങ്ങൾക്ക് എല്ലാവരും ആഗ്രഹിക്കുന്ന ജീവിത നിലവാരം നൽകുന്ന വിധത്തിൽ ഗാസ പുനർനിർമിക്കുക എന്ന വലിയ ജോലി മുന്നിലുണ്ട്. ആരാണ് അത് ചെയ്യേണ്ടത്, ആരാണ് അതിനുള്ള പണം നൽകേണ്ടത്, ആരാണ് പ്രക്രിയയുടെ ചുമതല വഹിക്കേണ്ടത് എന്നിവയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.” എന്നും റൂബിയോ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]