
മാസ് സൂപ്പര്‍താര സിനിമകളില്‍ അക്രമരംഗങ്ങള്‍ വര്‍ധിക്കുന്നതായി സമീപകാലത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ വന്‍ വിജയം നേടിയ പല ചിത്രങ്ങളിലും ഇത്തരം രംഗങ്ങളുടെ ധാരാളിത്തം ഉണ്ട്. എന്നാല്‍ സമൂഹത്തില്‍ നടക്കുന്നത് തന്നെയാണ് സിനിമകളില്‍ വരുന്നതെന്നാണ് ഇതിനെ ന്യായീകരിക്കുന്നവരുടെ വാദം. ഇപ്പോഴിതാ സമീപകാലത്ത് തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ജയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍. ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്ന സിനിമയാണ് ജയിലറെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സി ജെ ജോണിന്റെ കുറിപ്പ്
ശതകോടികളുടെ ക്ലബ്ബിലേക്ക് കയറുന്ന മാസ് സിനിമകളുടെ ഗതി അറിയാൻ വേണ്ടിയാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ജയിലര്‍ കഷ്ടപ്പെട്ട് കണ്ടത്. തലവെട്ടലിന്റെയും ചോര തെറിപ്പിച്ച് മനുഷ്യരെ കൊന്ന് തള്ളുന്നതിന്റെയും ശത്രുവിനെ പീഡിപ്പിച്ച് നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്കാരങ്ങൾ. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസമുണ്ട്. സോറി.. ഈ സിനിമയിലെ സൂപ്പർസ്റ്റാറുകൾ ക്രൂരതയും കൊലയും അക്രമവും നെറികേടുകളുമൊക്കെയാണ്. വിനോദ നിർമ്മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്. ചോര തെറിക്കുമ്പോഴും മനുഷ്യൻ കൊല്ലപ്പെട്ട് വീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിർദേശങ്ങൾ നൽകുന്ന സീനുകൾ പോലുമുണ്ട്. ഇത് തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇത് കാണുന്ന മുതിർന്നവരെ സമ്മതിക്കണം. അങ്ങനെ ഒത്തിരിപ്പേർ കണ്ടത് കൊണ്ടാണല്ലോ ഇത് ഹിറ്റ് സിനിമയായത്.
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രതിനായകന് വിനായകന് ആയിരുന്നു. അതിഥിവേഷത്തില്‍ മോഹന്‍ലാലും ശിവരാജ്കുമാറും ജാക്കി ഷ്രോഫും എത്തി. കേരളത്തിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്.
Last Updated Sep 14, 2023, 6:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]