
കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് വീണ്ടും കാപ്പ തടവ്. നാടകീയമായാണ് ഇന്നലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തത്. സിപിഎമ്മിന് തലവേദനയുണ്ടാക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, കാപ്പ തടവുകാരനായ ആകാശിന് ഇനിയും ആറ് മാസം ജയിൽ ജീവിതം.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. വധക്കേസ്, ക്വട്ടേഷൻ, സ്വർണക്കടത്ത് കേസുകള് വേറെയുമുണ്ട്. സിപിഎം ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഫാൻബേസുണ്ടായിരുന്ന ആകാശ് തില്ലങ്കേരി ഒരു കാലത്ത് പിജെ ആർമി സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിനായിരുന്നു. വിയ്യൂരിലെ ആറ് മാസത്തെ കാപ്പ തടവുകാലം കഴിഞ്ഞയുടൻ ആകാശ് വീണ്ടും ജയിലിലേക്ക് പോവുകയാണ്.
:
കൊല്ലുന്നവരും കൊല്ലിക്കുന്നവരും പാർട്ടിക്ക് അകത്തുണ്ടെന്ന ഫേസ്ബുക്ക് വെളിപ്പെടുത്തലിലൂടെയാണ് ആകാശ് ഏറ്റവുമൊടുവിൽ സിപിഎമ്മിനെ കുഴക്കിയത്. കാപ്പ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ മാസം 27നാണ് ആകാശ് പുറത്തിറങ്ങിയത്. എന്നാൽ തടവുകാലത്തെ തല്ലുകേസ് വിനയായി. ജൂലൈയിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ച കേസിലാണ് വീണ്ടും കാപ്പ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം ആകാശിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
കണ്ണൂരിലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങ് നടക്കുമ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിന്റെ വീട്ടിലെത്തിയത്. പൊലീസ് വാഹനം കണ്ട് കാര്യം തിരക്കാൻ ആകാശ് മുറ്റത്തേക്കിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചടങ്ങിനെത്തിയ ബന്ധുക്കൾ ഉൾപ്പെടെയുളളവർ പിന്നാലെ സ്റ്റേഷനിലെത്തിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലുളള ആകാശിനെ വിയ്യൂരിലേക്ക് തന്നെ മാറ്റിയേക്കും.
Last Updated Sep 14, 2023, 11:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]