
ഭോപ്പാല്‍: ആട് മേയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.
ആട് മേയ്ക്കുന്നതിനെ ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ യോഗം ചേര്‍ന്നപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാല് പേര് യുവാക്കളും ഒരാള്‍ വയോധികനുമാണ്.
ദാംഗി, പാൽ എന്നീ രണ്ട് സമുദായങ്ങളില്‍ പെട്ടവരാണ് തര്‍ക്കം പരിഹരിക്കാന്‍ യോഗം ചേര്‍ന്നതെന്ന് ദാത്തിയ പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു. ബുധനാഴ്ചയായിരുന്നു യോഗം. പക്ഷെ യോഗത്തിനിടയിലും വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റം അക്രമാസക്തമായി മാറുകയും വെടിവെപ്പ് ഉണ്ടാവുകയും ചെയ്തെന്ന് എസ്പി പറഞ്ഞു.
പ്രകാശ് ദാംഗി, രാംനരേഷ് ദാംഗി, സുരേന്ദ്ര ദാംഗി, രാജേന്ദ്ര പാൽ, രാഘവേന്ദ്ര പാൽ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെട്ട അഞ്ച് പേരില്‍ നാല് പേർക്ക് 40ല്‍ താഴെയാണ് പ്രായം. ഒരാള്‍ക്ക് 70 വയസ്സിന് മുകളില്‍ പ്രായമുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തില്‍ കേസ് എടുത്തെന്ന് ദാത്തിയ എസ്പി പറഞ്ഞു. ഇതുവരെ ഇരുഭാഗത്തുമുള്ള ആറ് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
പന്നികള്‍ കൃഷി നശിപ്പിച്ചു; സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു
പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം കഴിഞ്ഞ ആഴ്ചയാണുണ്ടായത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. 42കാരനായ ജനേശ്വര്‍ ബേഡിയ, 39കാരിയായ സരിതാ ദേവി, 25കാരിയായ സഞ്ജു ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.
റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഒർമഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പറയുന്നത്. ‘കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തുന്ന ഫാമിലെ പന്നികൾ കുറച്ച് ദിവസം മുമ്പ് അവരുടെ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും മറ്റ് ആയുധങ്ങളുമായെത്തിയ 12 പേര് കുടുംബത്തെ ആക്രമിച്ചു. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം അടിച്ചുകൊന്നത്’- എസ്പി പറഞ്ഞു.
Last Updated Sep 14, 2023, 10:33 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]