
ആലപ്പുഴ : രുചിയേറും വിഭവങ്ങള്‍ വിളമ്പി ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാരുടെ പാചകമേള. ജില്ല കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പാചകമേള ‘ഹോപ് ഫിയസ്റ്റ’ യിലാണ് വ്യത്യസ്തമായ വിഭവങ്ങള്‍ അണിനിരന്നത്. മേള ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. എ.എം. ആരിഫ് എം.പി. മേള സന്ദര്‍ശിച്ചു.
ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13 ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. കറുമുറെ, ചില് ടൈം, ഇരട്ടിമധുരം, ഹെല്‍ത്ത് മുഖ്യം ബിഗിലേ എന്നിങ്ങനെ നാല് റൗണ്ടുകളിലായാണ് മത്സരം നടത്തിയത്. കറുമുറെയില് വിവിധയിനം സ്നാക്കുകളും ചില് ടൈമില്‍ ലഘു പാനീയങ്ങളും ഇരട്ടി മധുരത്തില്‍ പായസവും ഹെല്‍ത്ത് മുഖ്യം ബിഗിലെയില് വിവിധ സാലഡുകളുമാണ് തയ്യാറാക്കിയത്.
ഭിന്നശേഷിക്കാരുടെ വ്യത്യസ്തമായ കഴിവുകള്‍ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പാചകമേള നടത്തിയത്. ഭക്ഷ്യ-പാചക മേഖലയില്‍ ഉപജീവന സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഭാവിയില്‍ ഇവര്‍ക്ക് വേണ്ട സഹായം നല്കുന്നതിനുമാണ് മേളയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]