
വാഷിങ്ടണ്‍: പൊലീസിന്റെ പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്. ജനുവരിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു. സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
2023 ജനുവരി 23നാണ് ഇന്ത്യൻ വംശജയായ ജാഹ്നവി കണ്ടുല യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു 23കാരിയായ ജാഹ്നവി. ഡാനിയൽ ഓഡറിന്റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്.
‘അവള് മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനും ഡാനിയല്‍ പറഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സിയാറ്റിൽ കമ്മ്യൂണിറ്റി പോലീസ് കമ്മീഷൻ (സിപിസി) പ്രസ്താവന പുറത്തിറക്കി. ആ സംഭാഷണം ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസില്‍ നിന്ന് ഇതല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സിപിസി പ്രസ്താവനയില്‍ വിമര്‍ശിച്ചു. അതേസമയം അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് സിയാറ്റില്‍ പൊലീസ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിനിയാണ് കൊല്ലപ്പെട്ട ജാഹ്നവി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]