
തിരുവനന്തപുരം: വിഭജന ഭീതിദിനാചരണത്തിനുള്ള ഗവർണറുടെ ആഹ്വാനം തള്ളി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സർവകലാശാലകളും കോളേജുകളും. കുസാറ്റ് സർവകലാശാലയിൽ വിസിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ സെമിനാർ നടത്തി.
ചുരുക്കം ചില കോളജുകളിൽ എബിവിപിയും പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ലോ കോളജിലും കാസർകോട് ഗവൺമെന്റ് കോളജിലും ദിനാചരണത്തിൽ സംഘർഷമുണ്ടായി.
കലാപത്തിനുള്ള നിർദേശം കേരളം തള്ളിയെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വിഭജന ഭീതി ദിനത്തെ ചൊല്ലിയുള്ള പോരിൽ രാജ്ഭവനാണ് തിരിച്ചടി നേരിട്ടത്. ചാൻസലറുമായി അടുപ്പമുള്ള വിസിമാരുള്ള കേരള, കെടിയു, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ അടക്കം ദിനാചരണത്തോട് മുഖം തിരിച്ചു.
സർവകലാശാലകളും കോളജുകളും പരിപാടി സംഘടിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശത്തിനൊപ്പം നിന്നു. കുസാറ്റിൽ പ്രതിഷേധം മറികടക്കാൻ രഹസ്യമായി ഓൺലൈനിലായിരുന്നു സെമിനാർ.
വിസി ജുനൈദ് ബുഷ്റി അടക്കം 30 പേർ പങ്കെടുത്തു. സർവകലാശാലകൾ കൈവിട്ടപ്പോൾ ചാൻസലറുടെ നിർദേശം എബിവിപി ഏറ്റെടുത്തു.
കാസർകോഡ് ഗവണ്മെന്റ് കോളേജിൽ ദിനാചരണം സംഘർഷത്തിലേക്ക് നയിച്ചു. വിഭജനഭീതി ദിനമാചരിച്ച് എബിവിപി പതിച്ച പോസ്റ്റർ എസ്എഫ്ഐക്കാർ കീറിയതോടെയാണ് സംഘർഷമായത്.
പിന്നാലെ വീണ്ടും എബിവിപി പോസ്റ്റർ ഒട്ടിച്ചതിൽ എംഎസ്എഫും പ്രതിഷേധിച്ചു. കോഴിക്കോട് ലോ കോളേജിൽ എബിവിപി പ്രവർത്തകരും എസ്എഫ്ഐ കെഎസ്യു പ്രവർത്തകരും തമ്മിൽ സംഘർഷമായി.
ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ഗേറ്റിന് പുറത്തായിരുന്നു എബിവിപിയുടെ ദിനാചരണം. സാമുദായിക സ്പർധ ഉണ്ടാക്കുന്ന ഗവർണറുടെ നിർദേശം നടപ്പാക്കരുതെന്നായിരുന്നു പ്രോ ചാൻസലറായ ഉന്ന വിദ്യാഭ്യാസമന്ത്രി അക്കാഡമിക് ഡീൻമാർ വഴി പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടത്.
സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നിർദേശം കേരളം തള്ളി എന്ന നിലയ്ക്കാണ് സർക്കാറും പ്രതിപക്ഷവും ഗവർണറെ വിമർശിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]