
ബിഗ് ബോസ് വീട്ടിൽ കൂടുതൽ അടികൾ നടക്കുന്നത് എന്തിന്റെ പേരിലാണ്. സംശയമൊന്നുമില്ല, അത് ഭക്ഷണത്തിന്റെ പേരിൽ തന്നെയാണ്.
വളരെ കുറഞ്ഞ അളവിൽ മാത്രം നൽകുന്ന ആഹാരത്തിന്റെ പേരിൽ എല്ലാ സീസണിലും മത്സരാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സീസൺ 7 ലേക്കെത്തുമ്പോൾ ഭക്ഷണം മാത്രമല്ല, വസ്ത്രവും മേക്കപ്പും ആക്സസറീസും അടക്കമുള്ള എല്ലാം അവർക്ക് നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
ഭക്ഷണത്തേക്കാൾ ഏറെ മേക്കപ്പിന്റെയും വസ്ത്രങ്ങളുടെയും പേരിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാവരും ബിഗ് ബോസിന്റെ ഈ നിയമം പാലിക്കുന്നുണ്ടോ? ഇല്ലെന്നാണ് ബിബി വീട്ടിൽ അരങ്ങേറുന്ന സംഭവങ്ങൾ പറയുന്നത്.
പറഞ്ഞുവരുന്നത് ജിസേലിനെ കുറിച്ച് തന്നെയാണ്. ഒരു മോഡലായ ജിസേൽ തീർച്ചയായും വീട്ടിലെ മറ്റുള്ളവരെക്കാൾ ബ്യൂട്ടി കോൺഷ്യസ് ആയ ആളാണ്.
കൂടാതെ അവർ പലതരം കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ജിസേലിന്റെ ആത്മവിശ്വാസത്തെ രൂപപ്പെടുത്തുന്നതിൽ അവർ ധരിക്കുന്ന ഫാഷനബിൾ വസ്ത്രങ്ങൾക്കും അവരുടെ മേക്കപ്പിനും വലിയ പങ്കുമുണ്ട്.
എന്നാൽ ബിഗ് ബോസ് പോലെയൊരു മത്സരത്തിൽ പങ്കെടുക്കാനെത്തുമ്പോൾ അവിടെയുള്ള നിയമങ്ങളെ അനുസരിക്കേണ്ടതും പ്രധാനമാണ്. ജിസേൽ ഒരു നല്ല മത്സരാർത്ഥിയായിരിക്കുമ്പോൾത്തന്നെ അവർ നടത്തുന്ന ഇത്തരം തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമാണ്.
ആം ബാൻഡ് കയ്യിൽ ഇല്ലാത്തവർക്ക് മേക്കപ്പ് സാധനങ്ങളോ സ്വന്തം വസ്ത്രങ്ങളോ ഒന്നും ധരിക്കാൻ ബിഗ് ബോസ് അനുവാദം നൽകിയിട്ടില്ല. പക്ഷേ ജിസേൽ പല തരത്തിലും തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇവയെല്ലാം ഉപയോഗിക്കുകയാണ്.
ബിഗ് ബോസ് നൽകിയ വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന നിർദേശം ഉള്ളപ്പോഴും ജിസേൽ തന്റെ സ്വന്തം വസ്ത്രങ്ങളാണ് അവിടെ ഇടുന്നത്. ബിഗ് ബോസ് നൽകിയ ഉടുപ്പ് കീറിപ്പോയെന്നും അതുകൊണ്ട് ബിഗ് ബോസ് തന്നെ അനുവദിച്ചുതന്ന തന്റെ വസ്ത്രങ്ങളാണ് വീട്ടിൽ ഉപയോഗിക്കുന്നത് എന്നും ജിസേൽ വാദിക്കുമ്പോഴും അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ബോഡി സ്യൂട്ടുകൾ അടക്കമുള്ള വസ്ത്രങ്ങളാണ്.
മറ്റുള്ള മത്സരാർത്ഥികളും ബിഗ് ബോസും അടക്കം ഇത് ചൂണ്ടിക്കാട്ടിയിട്ടും ജിസേൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്. തന്റെ വസ്ത്രം കീറിപ്പോയി എന്നതാണ് ഇതിന് ജിസേൽ പറയുന്ന ന്യായം എങ്കിലും ഉടുപ്പ് കീറിയത് ജിസേൽ തന്നെയാകാം എന്നാണ് വീടിനകത്തും പുറത്തുമുള്ള ഒരുകൂട്ടം ആളുകൾ പറയുന്നത്.
മേക്കപ്പിനോടുള്ള ജിസേലിന്റെ അമിതമായ താല്പര്യവും തുടർച്ചയായി നിയമങ്ങൾ ലംഘിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. ആം ബാൻഡ് ഇല്ലാത്തവർ ഒരു മേക്കപ്പ് പ്രോഡക്ടും ഉപയോഗിക്കരുത് എന്ന് പറയുമ്പോൾ ജിസേൽ രഹസ്യമായി ഇവയെല്ലാം ഇപ്പോഴും ഉപയോഗിക്കുകയാണ്.
വീട്ടിലെ മറ്റുള്ളവർ ഉണരുന്നതിന് മുമ്പും വാഷ്റൂം ഏരിയയിലും ഒക്കെയായി ജിസേൽ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും ക്യാമറക്കണ്ണുകളിൽ കുടുങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ജിസേൽ ഉപയോഗിച്ച ടിഷ്യുവിൽ ഫൗണ്ടേഷൻ ഉണ്ടായിരുന്നു എന്നും ഇത് ശരിയായ കാര്യമല്ലെന്നും വീട്ടിലുള്ള സ്ത്രീകൾ ഒറ്റക്കെട്ടായി പറഞ്ഞപ്പോൾ അത് എണ്ണയാണ് എന്ന് വാദിക്കാനാണ് ജിസേൽ ശ്രമിച്ചത്.
വീണ്ടും ചോദ്യം ചെയ്യൽ തുടർന്നപ്പോഴാകട്ടെ അവരെല്ലാം ഗ്രൂപ്പായി ഗെയിം കളിക്കുകയാണ് എന്നും താൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതിനുള്ള ദേഷ്യത്തിന് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ് എന്നും വരുത്തിത്തീർക്കാനും ജിസേൽ ശ്രമിച്ചു. തനിക്കെതിരെ ആര് സംസാരിച്ചാലും അതിനെ വളരെ വ്യക്തിപരമായി കണ്ട് കൈകാര്യം ചെയ്യുന്നതാണ് എപ്പോഴും ജിസേലിന്റെ രീതി.
ഈ വിഷയത്തിലും അത് അങ്ങനെ തന്നെയാണ് സംഭവിച്ചത്. ജിസേൽ മേക്കപ്പ് ഉപയോഗിക്കിക്കുന്നതിനെ തുടർച്ചയായി ചോദ്യം ചെയ്ത അനുമോളെ ഉയരത്തിന്റെ കാര്യം അടക്കം പറഞ്ഞ് പ്രകോപിപ്പിച്ച് വിഷയം വഴി തിരിച്ചുവിടാൻ ജിസേൽ ശ്രമിച്ചതും ഒരുപരിധിവരെ അതിന് കഴിഞ്ഞതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.
തന്റെ നിയമലംഘനങ്ങൾ ചോദ്യം ചെയ്യുന്ന എല്ലാവർക്കും തന്നോട് കുശുമ്പാണ് എന്നാണ് ജിസേലിന്റെ വാദം. ഒനീൽ, നെവിൻ തുടങ്ങി താനുമായി വ്യക്തിപരമായി അടുപ്പം ഉള്ളവരെ ഇത് പറഞ്ഞ് കുറേയൊക്കെ കൺവിൻസ് ചെയ്യാനും ജിസേലിന് കഴിഞ്ഞിട്ടുണ്ട്.
മറ്റുള്ളവർക്കുമേൽ ഓവർ പവർ ചെയ്ത് സംസാരിക്കാനുള്ള ജിസേലിന്റെ കഴിവും മറ്റുള്ള ഭൂരിഭാഗം മത്സരാർത്ഥികൾക്കും ജിസേലിനെ വെറുപ്പിക്കണ്ട എന്നുള്ള ആറ്റിട്യൂഡും എല്ലാം ഇത്തരം നിയമലംഘനങ്ങൾക്ക് ജിസേൽ മറയാക്കുന്നുമുണ്ട്.
ബിഗ് ബോസ് ഒരു ഗെയിം ഷോ ആണ്. ഒരു വീട്ടിൽ 19 പേർ ഒന്നിച്ച് താമസിക്കുന്നത് മാത്രമല്ല ആ ഗെയിം, അവിടെ നിങ്ങൾ നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ കൂടി ചേർന്നതാണ് അത്.
അവിടെ നിങ്ങൾക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതായി വരും. നിങ്ങൾക്ക് പൊരുത്തപ്പെടാനാകാത്ത കാര്യങ്ങൾ അതിജീവിക്കേണ്ടി വരും.
അതിനെയെല്ലാം കൈകാര്യം ചെയ്ത് മുന്നേറുന്നത് കൂടിയാണ് ബിഗ് ബോസ് ഷോ. അത്തരമൊരു സാഹചര്യത്തിൽ ജിസേൽ നടത്തുന്ന ഇത്തരം പ്രവർത്തികൾ കൂടുതൽ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും തന്നെയാണ് വീടിനകത്തെ ഭൂരിഭാഗം മത്സരാർത്ഥികൾക്കും ബിഗ് ബോസ് കാണുന്ന ഭൂരിഭാഗം പ്രേക്ഷകർക്കും പറയാനുള്ളതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]