
തിരുവനന്തപുരം ∙
ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നു തുറന്നു പറഞ്ഞതിനു ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. ആരോപണം പൂർണമായി നിരസിച്ചാണ് ഡോ.ഹാരിസ് മറുപടി നൽകിയെന്നാണു വിവരം.
യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോ.പി.ആർ.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നു മറുപടിയിൽ ഡോ.ഹാരിസ് വ്യക്തമാക്കിയെന്നാണു സൂചന. ആ ഉപകരണം ഉപയോഗിച്ചു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കിൽ അതു തനിക്കു ചോദിച്ചു വാങ്ങാനാകില്ലെന്നും ഡോ.
ഹാരിസ് മറുപടി നൽകി. തെറ്റായ വിവരം പ്രചരിപ്പിച്ചു
അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റവും അദ്ദേഹം തള്ളിക്കളഞ്ഞെന്നാണ് വിവരം.
മെഡിക്കൽ കോളജിൽ നിന്ന് പ്രോബ് നൽകാത്തതിനാൽ ഡോ.സാജു സ്വന്തം പണം ചെലവഴിച്ചു വാങ്ങിയ പ്രോബാണ് അത്.
അദ്ദേഹം വാങ്ങിയ പ്രോബ് താൻ ചോദിക്കുന്നതു ശരിയല്ല. ഒരു ഡോക്ടർ സ്വന്തമായി വാങ്ങിയ ഉപകരണം താൻ വാങ്ങി ഉപയോഗിക്കുന്നതു തെറ്റല്ലേയെന്ന ചോദ്യവും ഡോ.ഹാരിസ് ഉന്നയിച്ചിട്ടുണ്ടെന്ന് അറിയുന്നു.
പ്രോബ് ലഭിക്കാൻ വേണ്ടി പല സ്ഥലത്തും അലഞ്ഞതിനാൽ ചെരുപ്പു തേഞ്ഞെന്ന ഡോ.ഹാരിസിന്റെ ആരോപണവും നോട്ടിസിൽ തള്ളിക്കളഞ്ഞിരുന്നു. പ്രോബ് ലഭ്യമല്ലെന്ന വിവരം 2 കത്തുകളിലൂടെ അറിയിച്ചതല്ലാതെ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, മറ്റ് അധികാരികൾ എന്നിവരോട് അദ്ദേഹം നേരിട്ടു പറഞ്ഞിരുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ഡോക്ടർ എന്ന നിലയിൽ കൃത്യമായി അറിയിച്ചുവെന്നും കൂടുതൽ പേരോടു പരാതിപ്പെടാതെ തന്നെ അതു ലഭ്യമാക്കാൻ മേധാവികൾക്ക് ഉത്തരവാദിത്തമില്ലേയെന്ന ചോദ്യവും ഡോ.ഹാരിസ് ഉന്നയിച്ചതായി അറിയുന്നു.
മൂത്രക്കല്ല് നീക്കം ചെയ്യുന്ന മെഷീനായ ലിത്തോക്ലാസ്റ്റിൽ ഉപയോഗിക്കുന്ന പ്രോബ് ആശുപത്രി അധികൃതർ വാങ്ങി നൽകാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയതെന്നായിരുന്നു ഡോ.ഹാരിസിന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് അന്വേഷിച്ച നാലംഗ ഡോക്ടർമാരുടെ സമിതി ഡോ.ഹാരിസിനെ പ്രതിസ്ഥാനത്തു നിർത്തിയാണ് റിപ്പോർട്ട് നൽകിയത്.
പ്രോബ് ഇല്ലെന്ന് ഡോ.ഹാരിസ് വെളിപ്പെടുത്തിയതിന്റെ പിറ്റേന്ന്, ജൂൺ 28ന് പ്രോബ് ഉപയോഗിച്ചു ശസ്ത്രക്രിയ നടത്തിയെന്ന അന്വേഷണ സമിതിയുടെ കണ്ടെത്തലാണു നോട്ടിസിലെ മുഖ്യ ആരോപണം. ചൊവഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാറിന് നൽകിയ മറുപടി ഉടൻ ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയ്ക്ക് കൈമാറും.
അതിനിടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ കെ വി വിശ്വനാഥന് സ്ഥിര നിയമനം നല്കി.
മുൻപുണ്ടായിരുന്ന ഡയറക്ടർ വിരമിച്ച ഒഴിവിൽ ഡിഎംഇ ചാർജ് വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസർ ആയിരുന്നു ഡോ വിശ്വനാഥൻ.
സീനിയോറിറ്റി മറികടന്നാണ് ഡോക്ടർ വിശ്വനാഥന് നിയമനം നൽകിയതെന്ന് ആക്ഷേപമുയർന്നിരുന്നു. ഡോക്ടർ ഹാരിസുമായി ബന്ധപ്പട്ട് ഉയർന്ന വിവാദത്തിൽ വാർത്താസമ്മേളനം നടത്തിയ പ്രിൻസിപ്പലിനും, സൂപ്രണ്ടിനും ഫോണിലൂടെ നിർദേശം നൽകിയതും വിവാദമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]