
മുംബൈ ∙ മഹായുതിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി
തമ്മിലുള്ള പോര് തുടരുന്നു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽനിന്ന് ഷിൻഡെ വിട്ടുനിന്നതു മുന്നണിയുടെ തലവേദന കൂട്ടും.
പ്രതിപക്ഷ പാർട്ടികളും വിഷയം ചർച്ചയാക്കുന്നുണ്ട്. മഹായുതി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഷിൻഡെ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇത് ആദ്യമല്ല.
നഗരവികസന വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്ന് വകുപ്പ് മന്ത്രി കൂടിയായ ഷിൻഡെ നേരത്തേ വിട്ടുനിന്നിരുന്നു.
ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരായ യോഗേഷ് കദം, സഞ്ജയ് ഷിർസാഠ്, ഷിൻഡെയുടെ വിശ്വസ്തൻ ശംഭുരാജ് ദേശായ് എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഫഡ്നാവിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ‘ഗാർഡിയൻ മന്ത്രിമാരെ’ നിശ്ചയിക്കുന്നതിലെ തർക്കവും ഇനിയും പരിഹരിക്കാനായിട്ടില്ല.
സ്വാതന്ത്ര്യദിനത്തിൽ റായ്ഗഡിൽ എൻസിപി അജിത് വിഭാഗത്തിൽ നിന്നുള്ള അതിഥി തത്കരെയാണു പതാക ഉയർത്തുന്നത്.
ഇവിടെ തന്റെ വിഭാഗത്തിൽ നിന്നുള്ള ഭരത് ഗോഗാവ്ലെയെ ഗാർഡിയൻ മന്ത്രിയാക്കണമെന്നു ഷിൻഡെ സമ്മർദം ചെലുത്തുന്നതിനിടെയാണിത്. ഗോഗാവ്ലെയും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
ഷിൻഡെ വിഭാഗത്തെ ഫഡ്നാവിസ് സർക്കാർ അവഗണിക്കുകയാണെന്നും ഷിൻഡെയുടെ മനോവീര്യം തന്നെ നഷ്ടപ്പെട്ടെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സുഷമ അന്ധാരെ പറഞ്ഞു.
മഹായുതി ഒറ്റക്കെട്ട്: ഫഡ്നാവിസ്
മഹായുതി സഖ്യത്തിൽ ഭിന്നതകളില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
എല്ലാ പാർട്ടികളും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത്) എന്നീ പാർട്ടികളാണു മഹായുതി സഖ്യത്തിലുള്ളത്.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും തമ്മിൽ ഒത്തൊരുമയില്ലെന്ന ആരോപണം നിലനിൽക്കേയാണു ഫഡ്നാവിസിന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിനും ഡിസംബറിനുമിടയിൽ നടന്നേക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]