
ദില്ലി: ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിർക്ക്, 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിൽ. വിശ്വാസ വഞ്ചന കുറ്റം ചുമത്തി മൊഹാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിന്നാണ് കേസിൻ്റെ തുടക്കം.
വ്യാജവാഗ്ദാനങ്ങൾ നൽകിയും തെറ്റായ വിവരങ്ങൾ അവതരിപ്പിച്ചും ആളുകളിൽ നിന്ന് പണം തട്ടിയെടുത്തുവെന്നായിരുന്നു സന്ദീപ വിർക്കിനെതിരെയുള്ള ആരോപണം. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി ദില്ലിയിലും മുംബൈയിലുമുള്ള പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെ hyboocare.com എന്ന വെബ്സൈറ്റിൻ്റെ ഉടമസ്ഥയാണ് താനെന്ന് സന്ദീപ അവകാശപ്പെട്ടിരുന്നു. എഫ്.ഡി.എ.
അംഗീകാരമുള്ള സൗന്ദര്യവർധക ഉത്പന്നങ്ങളാണ് വെബ്സൈറ്റിലൂടെ വിൽക്കുന്നതെന്നായിരുന്നു അവകാശവാദം. എന്നാൽ, ഉത്പന്നങ്ങൾ നിലവിലില്ലെന്നും, വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യമില്ലെന്നും, പേയ്മെൻ്റ് സംവിധാനം തകരാറിലാണെന്നും അന്വേഷണത്തിൽ ഇഡി കണ്ടെത്തി.
ഇവർക്ക് റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ മുൻ ഡയറക്ടറായിരുന്ന അംഗാരായി നടരാജൻ സേതുരാമനുമായി ബന്ധമുണ്ടെന്നും ഇഡി യുടെ അന്വേഷണത്തിൽ വ്യക്തമായി. സേതുരാമൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ഫണ്ടുകൾ വഴിതിരിച്ചുവിട്ട് അനധികൃതമായി ഇടപാടുകൾ നടത്തിയതിന് തെളിവുകൾ ലഭിച്ചു.
2018-ൽ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ നിന്ന് 18 കോടി രൂപ പൊതുഫണ്ടായി ലഭിച്ചതായും, 22 കോടി രൂപയുടെ ഭവനവായ്പ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് അനുവദിച്ചതായും ഇഡി കണ്ടെത്തി. ഈ ഫണ്ടുകളുടെ വലിയൊരു ഭാഗം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസി പറയുന്നു.
അതേസമയം, സേതുരാമൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. സന്ദീപയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്ത്.
ഓഗസ്റ്റ് 12-ന് അറസ്റ്റിലായ സന്ദീപ വിർക്കിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. മറ്റ് ചില വ്യക്തികൾക്കും ഈ കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]