

First Published Aug 13, 2024, 7:48 PM IST | Last Updated Aug 13, 2024, 7:50 PM IST
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. ധനസഹായം ലഭിക്കാത്തത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. അടിയന്തര ധനസഹായം ഇന്ന് നല്കി തുടങ്ങിയിട്ടുണ്ടെന്നും അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ആഗസ്റ്റ് 20നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളിൽ വാടക വീടുകള്‍ കൈമാറാനാണഅ ശ്രമം.
അഞ്ചു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് ആളുകളെ താമസിപ്പിക്കുന്നത്. എല്ലാ മെമ്പര്‍മാരെയും രംഗത്തിറക്കി വാടക വീട് അന്വേഷിക്കുന്നുണ്ട്. ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും സര്‍ക്കാര്‍ അനുവദിച്ച വാടക ലഭ്യമാക്കും. നഷ്ടപ്പെട്ട 138 രേകള്‍ ഇതുവരെ കൈമാറിയിട്ടുണ്ട്. ഇന്ന് രണ്ട് മേഖലകളിലെ ഏഴ് സ്ഥലങ്ങളിലാണ് തെരച്ചില്‍ നടന്നത്. മലപ്പുറത്ത് നിന്ന് മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. 231ആണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ.
12 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 527 കുടുംബങ്ങളിൽനിന്നായിആകെ 1205 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 401 ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. 52 ശരീര ഭാഗങ്ങൾ അഴുകിയതായതിനാൽ ഡി എൻ എ പരിശോധന ബുദ്ധിമുട്ടാണമ്. 349 ശരീരഭാഗങ്ങളിൽ 248 പേരുടെത് ആരാണെന്ന് കണ്ടെത്തി.119 പേരുടെ രക്തസാമ്പിൾ പരിശോധനയിലുണ്ട്. അത് കിട്ടി കഴിയുമ്പോള്‍ മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രിസഭ ഉപസമിതി അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ താത്ക്കാലിക പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു വീട്ടിലേക്കു താമസം മാറുമ്പോള്‍ വേണ്ട വീട്ടുപകരണങ്ങളും അത്യാവശ്യ വസ്തുക്കളും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ താത്ക്കാലിക പുനരധിവാസം സജ്ജീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളും പുനരധിവാസത്തിന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇത് വരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങള്‍ വാടക നല്കി ഉപയോഗിക്കാനായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥര്‍ വീടുകള്‍ വാടകയ്ക്ക് നല്കാന് സന്നദ്ധത അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ പതിനഞ്ച് ക്വാര്‍ട്ടേഴ്സുകള്‍ താമസിക്കാന്‍ സജ്ജമാണ്. കെട്ടിടങ്ങളുടെ ശുചീകരണമടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. മറ്റ് ക്വാര്‍ട്ടേഴ്സുകളില്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം താമസിക്കാനാകും. കല്‍പ്പറ്റ, മുണ്ടേരി, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കുപ്പാടി സെക്ഷന്‍ കീഴിലെയും കാരാപ്പുഴ, ബാണാസുര പദ്ധതികള്‍ക്കു കീഴിലുള്ള ക്വാര്‍ട്ടേഴ്സുകളാണ് താത്ക്കാലിക പുനരധിവാസത്തിനായി ലഭ്യമായിട്ടുള്ളത്. ലഭ്യമാകുന്ന കെട്ടിടങ്ങള്‍ പരിശോധിച്ച് അവയുടെ ക്ഷമത, വാസയോഗ്യത, മരാമത്ത് പണികളുടെ ആവശ്യകത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവപരിശോധിക്കാന്‍ സബ് കളക്ടറെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകളും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധിക്കും. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ താത്ക്കാലികമായി പുനരവധിവസിപ്പിക്കുമ്പോള്‍ ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കും. താത്ക്കാലിക പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച വിശദമായ പട്ടിക നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും ദുരിതബാധിതരെ പുതിയ വീടുകളിലേക്കു മാറ്റുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക. ഇത്തരത്തില്‍ പുനരധിവാസത്തിന് എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നത് ആളുകളെ അറിയിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.
താത്ക്കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറും തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം- തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അംഗങ്ങളുമായ സമിതി രൂപീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങള്‍, മുന്‍ഗണന എന്നിവ പരിഗണിച്ച് സമിതിയായിരിക്കും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും വാടകവീടുകളും അനുവദിക്കുക. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന വാടക വീടുകളിലേക്ക് മാറുന്നവര്‍, സ്വന്തം നിലയില്‍ വാടക വീടുകള്‍ കണ്ടെത്തുന്നവര്‍, ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ എന്നിങ്ങനെയായിരിക്കും താത്ക്കാലിക പുനരധിവാസം എന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നിലയില്‍ വാടക വീടുകള്‍ കണ്ടെത്തുന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്‍പ്പറ്റ, അമ്പലവയല്‍, മുട്ടില്‍ പഞ്ചായത്തുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വാടക വീടുകള്‍ ക്രമീകരിക്കുന്നത്. ഏത് പഞ്ചായത്തിലേക്ക് മാറണം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ടായിരിക്കും. ആളുകളുടെ താത്പര്യം, മുന്‍ഗണന, ആവശ്യങ്ങള്‍ കണ്ടെത്താന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ 18 അംഗ സംഘം സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബന്ധുക്കളും ഉറ്റവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ 21 പേരാണുള്ളത്. അഞ്ച് പുരുഷന്മാരും 10 സ്ത്രീകളും 18 വയസില്‍ താഴെ പ്രായമുള്ള ആറ് പേരും അടില് ഉള്‍പ്പെടും. ഇവര്‍ ഒറ്റയ്ക്കായി പോകാതിരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി സഭാ ഉപസമിതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]