
ഐഎസ്എസ്: ഇന്ത്യയുടെ അഭിമാനം ബഹിരാകാശം വരെ ഉയര്‍ത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് ഇന്ന് മടങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘം സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്ക് തിരിക്കുന്നത്.
ശുഭാംശുവിന്റെയും കൂട്ടരുടെയും അണ്‍ഡോക്കിംഗും മടക്കയാത്രയും എങ്ങനെ തത്സമയം കാണാമെന്ന് നോക്കാം. അണ്‍ഡോക്കിംഗ് തത്സമയം ആക്സിയം 4 ദൗത്യസംഘത്തിന്റെ അണ്‍ഡോക്കിംഗ് നാസ തത്സമയം സംപ്രേഷണം ചെയ്യും.
ദൗത്യ സംഘാംഗങ്ങള്‍ ഹാച്ചില്‍ പ്രവേശിക്കുന്നത് മുതലുള്ള നിമിഷങ്ങള്‍ നാസ+ലൂടെ തത്സമയം കാണാം. ഇതിന് ശേഷം അണ്‍ഡോക്കിംഗ് പ്രക്രിയ നാസ+ന് പുറമെ ആക്സിയം സ്പേസും സ്പേസ് എക്സും വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി ലൈവ് സ്ട്രീം ചെയ്യും.
അണ്‍ഡോക്കിംഗ് നടന്ന് 30 മിനിറ്റുകള്‍ക്ക് ശേഷം നാസ+ന്റെ കവറേജ് അവസാനിക്കും. ഇതിന് ശേഷം ഗ്രേസ് ഡ്രാഗണ്‍ പേടകത്തിന്റെ റീഎന്‍ട്രി മുതല്‍ സ്പ്ലാഷ്ഡൗണ്‍ വരെ ആക്സിയം സ്പേസായിരിക്കും കമ്പനിയുടെ വെബ്സൈറ്റ് വഴി ലൈവ് സ്ട്രീമിംഗ് ചെയ്യുക.
അണ്‍ഡോക്കിംഗിനായി ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്സിന്റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കും. 2:50-ഓടെ പേടകത്തിന്റെ വാതിലടയ്ക്കും.
4:35-ഓടെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേർപ്പെടുത്തും. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള അൺഡോക്കിംഗ് കഴിഞ്ഞാൽ ഇരുപത്തിരണ്ടര മണിക്കൂറെടുക്കും ഡ്രാഗണ്‍ ഗ്രേസ് പേടകം ഭൂമിയിലെത്താൻ.
നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാല്‍ സ്പ്ലാഷ്ഡൗണ്‍ സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.
60 പരീക്ഷണങ്ങളുടെ ദൗത്യം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്.
നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്.
തിരിച്ചെത്തിക്കഴിഞ്ഞാൽ ഏഴ് ദിവസം നാല് പേരും നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു തിരികെ ഇന്ത്യയിൽ എത്തുകയുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]