
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്.
സിനിമ അനൗൺസ് ചെയ്ത് കൊണ്ടുള്ള ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘മാളികപ്പുറം’ സിനിമ എഴുതിയ അഭിലാഷ് പിള്ളയാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
എം മോഹനന് ആണ് സംവിധാനം. അരവിന്ദന്റെ അതിഥികൾക്ക് ശേഷം മോഹനന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. “ചില സിനിമകൾ ഒരു നിയോഗമാണ്.
ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികൾക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുകയാണ്. ‘മാളികപ്പുറം’ നമുക്കു സമ്മാനിച്ച എഴുത്തുകാരൻ അഭിലാഷ് പിള്ളയും, ‘അരവിന്ദന്റെ അതിഥികൾ’ സമ്മാനിച്ച സംവിധായകൻ എം മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകൾ പുതിയ തലമുറയിലേക്ക് നയിക്കുന്ന ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’.
അമ്മയെയും ആനയെയും ഇഷ്ടപെടുന്ന മലയാളികൾക്ക് വേണ്ടി സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ഈ സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനകളും, സ്നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ.
ഇത് ഒരു സിനിമ മാത്രം അല്ല. ഒരു അനുഭവമാണ്!
ഒരുപക്ഷെ എന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ നിയോഗം കൂടിയാകാം ഈ സിനിമ”, എന്നാണ് സിനിമ പ്രഖ്യാപിച്ച് ഗോകുലം ഗോപാലൻ കുറിച്ചത്. ‘ഞാൻ ഈ ലോകത്ത് ഇഷ്ടപെടുന്ന രണ്ട് അത്ഭുതങ്ങളാണ്, ആദ്യത്തേത് അമ്മ. അതിലും വലിയ ഒരു അത്ഭുതം ഈ ഭൂമിയിലില്ല, പിന്നെ ആന.
ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്ന ഈ രണ്ട് അത്ഭുതങ്ങളേയും വെള്ളിത്തിരയിൽ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. എനിക്ക് പ്രിയപ്പെട്ട
സംവിധായകൻ എം മോഹനേട്ടനും, ഏത് സിനിമ മോഹിയും കൊതിക്കുന്ന ഗോകുലമെന്ന മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസും ഒന്നിക്കുന്നു. ഗോപാലൻ സാർ പറഞ്ഞ പോലെ ചില സിനിമകൾ ഒരു നിയോഗമാണ്, ആ നിയോഗം എഴുതാൻ എന്നിലേക്ക് എത്തിച്ച എല്ലാ ശക്തികളോടും നന്ദി.
നമ്മൾ തുടങ്ങുന്നു’, എന്നായിരുന്നു അഭിലാഷ് പിള്ള കുറിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറപ്രവർത്തകരെയും വരും നാളുകളിൽ പ്രേക്ഷകരിലേക്കെത്തിക്കും എന്നും നിർമ്മാതാക്കൾ അറിയിച്ചു.
പി ആർ ഓ പ്രതീഷ് ശേഖർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]