

രക്ഷാദൗത്യം രണ്ടാം ദിനം…! കാണാമറയത്ത് ജോയി; ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആര്‍എഫ്; മാലിന്യം നീക്കം ചെയ്തശേഷം ടണലിനുള്ളിൽ തിരച്ചില്‍ നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചില്‍ പുനരാരംഭിച്ചു.
ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷമായിരിക്കും ടണലിനുള്ളിലെ തെരച്ചില്‍ നടത്തുക.
മാലിന്യം നീക്കം ചെയ്യാൻ കൂടുതല്‍ റോബോട്ടുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം മാലിന്യം നീക്കം ചെയ്യുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ തൊഴിലാളി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറഞ്ഞു.
റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ഫയര്‍ഫോഴ്സിന്റെയും മറ്റും സഹായത്തോടെ സംയുക്തമായിട്ടായിരിക്കും മാലിന്യം നീക്കം ചെയ്യുകയെന്നും പ്രതീഷ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരുമണിവരെ തെരച്ചില്‍ നടന്നെങ്കിലും കാണാതായ ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി ടണലില്‍ കയറിയുള്ള തെരച്ചില്‍ അപകടം നിറഞ്ഞതാണെന്ന എന്‍ഡിആര്‍എഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരുമണിയോടെ തെരച്ചില്‍ നിര്‍ത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]