
രാജ്യത്തെ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആഗോള തലത്തില്‍ പല രാജ്യങ്ങളിലും ഈ നികുതി സംവിധാനം നടപ്പാക്കുന്നതിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിലും ഈ നികുതി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം. 2023ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 167 ശതകോടീശ്വരന്മാര് ഉണ്ട്. ഇവര്‍ക്ക് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു വര്‍ഷം 1.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജിഡിപിയുടെ 0.5 ശതമാനം വരും ഈ തുക. ഇത് രാജ്യത്തെ സ്കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും, പുനരുപയോഗ ഊര്‍ജ ഉല്പാദനത്തിനും വേണ്ടി ചെലവഴിക്കാമെന്ന് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് നിര്‍ണായകമായ ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഇത്തരമൊരു നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജി 20 അധ്യക്ഷ സ്ഥാനം വഹിക്കുന്ന ബ്രസീല്‍ മുന്നോട്ട് വച്ച അതിസമ്പന്നര്‍ക്ക് അധിക നികുതി എന്ന നിര്‍ദേശത്തിന് ഫ്രാന്‍സ്, സ്പെയിന്, ദക്ഷിണാഫ്രിക്ക, ജര്‍മനി എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഈ മാസം അവസാനം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാട് എന്തായിരിക്കുമെന്നും ജയറാം രമേശ് ചോദിച്ചു.
യൂറോപ്യന്‍ യൂണിയനിലെ നികുതി വിദഗ്ധനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന് ഗബ്രിയേല്‍ സുക്മാനാണ് ബ്രസീല്‍ മുന്നോട്ട് വച്ച നികുതി നിര്‍ദേശം തയാറാക്കിയത്. അത് പ്രകാരം 1 ബില്യണ്‍ ഡോളര്‍ അഥവാ 8300 കോടി രൂപയ്ക്ക് മേല്‍ ആസ്തിയുള്ള സമ്പന്നര്‍ക്ക് 2 ശതമാനം വാര്‍ഷിക ലെവി ചുമത്തണമെന്ന് നിര്‍ദേശിക്കുന്നു. ആഗോള തലത്തില്‍ മൂവായിരത്തോളം പേരാണ് ഈ പട്ടികയിലുള്ളത്. ഇവരില്‍ നിന്ന് ഈ ലെവി പിരിച്ചെടുത്താല്‍ ഏകദേശം 20.75 ലക്ഷം കോടി രൂപ സമാഹരിക്കാനാകും. എന്നാല്‍ ആഗോളതലത്തില്‍ അതിസമ്പന്നര്‍ക്ക് സമാനമായ നികുതി ഘടന ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് ജി7ലെ പല രാജ്യങ്ങള്‍ക്കും താല്പര്യമില്ല. അമേരിക്കയും ഈ നിര്‍ദേശത്തെ അനുകൂലിക്കുന്നില്ല.
Last Updated Jul 13, 2024, 6:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]