
12:19 PM IST:
കാസർകോട് ബദിയടുക്കയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ രൂക്ഷവിമർശനവുമായി നാട്ടുകാർ. കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.
12:18 PM IST:
കൂത്താട്ടുകുളം – പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്. കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
12:17 PM IST:
അസമിൽ പ്രളയത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്നത് ഓറഞ്ച് അലർട്ടിലേക്ക് മാറിയിരിക്കുകയാണ്. അസമിൽ മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികൾഏകോപിപ്പിക്കുന്നുണ്ട്. 4 ലക്ഷം രൂപ വീതം സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
12:17 PM IST:
കണ്ണൂർ ചെങ്ങളായിൽ നിന്നും നിധിയെന്ന് കരുതപ്പെടുന്ന വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി തൊഴിലുറപ്പ് തൊഴിലാളികൾ. മഴക്കുഴി എടുത്തുകൊണ്ടിരിക്കവേയാണ് തൊഴിലാളികൾക്ക് സ്വർണാഭരണങ്ങളും മുത്തും വെളളിയാഭരണങ്ങളും അടങ്ങിയ കുടം ലഭിച്ചത്. ആദ്യം ബോംബാണെന്ന് സംശയിച്ചെന്നും പിന്നീട് ധൈര്യം സംഭരിച്ച് തുറന്നെന്നും നിധിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെന്നും തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
12:16 PM IST:
കാസർകോട് ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് ഷോക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.
12:15 PM IST:
ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കാര്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നൂറനാട് പൊലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു.
12:14 PM IST:
വയനാട് അമ്പലവയലില്‍ കണ്ണാടികള്‍ തല്ലിപ്പൊട്ടിക്കുന്നതാണ് ഇപ്പോള്‍ കുരങ്ങൻമാരുടെ വിനോദം. വാഹനങ്ങളുടെ കണ്ണാടികളും വീടിന് പുറത്ത് വച്ച കണ്ണാടികളുമെല്ലാം ഹരം കയറി അടിച്ചുപൊട്ടിക്കുകയാണ് കുരങ്ങൻമാരുടെ സംഘം. പൊട്ടിയ ചില്ലുകള്‍ കാലില്‍ തറച്ചുകയറുന്ന സാഹചര്യം കൂടി ആയതോടെ വലഞ്ഞിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാർ.
12:13 PM IST:
ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന് രാവിലെ 11ന് ചേരും. ഇതിന് മുന്നോടിയായി രാവിലെ 9ന് സെക്രട്ടേറിയറ്റ് യോഗവും ചേരും. ജില്ലാ കമ്മറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും.
12:12 PM IST:
മേൽപാത നിർമാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികൾ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക.
12:12 PM IST:
ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ണുമടച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരെ പത്തനംതിട്ട സിപിഎമ്മിൽ പടയൊരുക്കം. തിരുത്തൽ നടപടിക്കിറങ്ങിയ പാർട്ടിയെ കെ.പി. ഉദയഭാനുവും സംഘവും ചേർന്ന് പ്രതിസന്ധിയിലാക്കിയെന്ന വിമർശനമാണ് ശക്തമാകുന്നത്. വിവാദങ്ങളിൽ സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്
12:11 PM IST:
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി അരി പുനസ്ഥാപിച്ചു. സബ്സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
12:10 PM IST:
തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്.
12:09 PM IST:
കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്.
6:53 AM IST:
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.