
അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം വിപണികളെ ഉണർത്തിയ വഴികളേറെയാണ്. അതിഥികൾക്കുള്ള സമ്മാനങ്ങൾ, റൂം ബുക്കിങ്, ഒക്കെയടക്കം വിവാഹത്തിന്റെ വിവിധ ചടങ്ങുകൾ നടന്ന നഗരങ്ങളിലൊക്കെ കച്ചവടക്കാരുടെ കീശ നിറഞ്ഞു. ആഢംബരങ്ങൾക്ക് ഒട്ടും പിശുക്ക് കാണിക്കാതെയുള്ള വിവാഹച്ചടങ്ങുകൾ പല മേഖലകളിലും ഡിമാൻഡ് കൂട്ടി. മുംബൈയിലെ ബാന്ദ്ര-കുർള മേഖലയിലെ ഹോട്ടലുകളിലെ നിരക്ക് ഏഴ് മടങ്ങാണ് വർധിച്ചത്. അടുത്തയാഴ്ചത്തേക്ക് ബുക്കിങ് ഫുൾ എന്നാണ് എല്ലാ ഹോട്ടലുകളും കാണിക്കുന്നത്. അതിഥികളുടെ എണ്ണം കണ്ടമാനമങ്ങ് കൂടിയപ്പോൾ ഹോട്ടലുകാർ ഒരു രാത്രിക്ക് 13,000 രൂപയിൽ നിന്ന് 91,350 രൂപ വരെ ചാർജ് ചെയ്യാൻ തുടങ്ങിയത്രേ. (ambani family jewellery collection)
പറയാൻ വന്നത് അംബാനിക്കുടുംബത്തിന്റെ ആഭരണ ശേഖരത്തെപ്പറ്റിയുള്ളതാണ്. മാർച്ച് മുതൽ ആരംഭിച്ച പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ സിൻഡ്രല്ല രാജകുമാരിയുടെ വിവാഹം പോലെ ആടയാഭരണങ്ങളുടെയും ആക്സസറികളുടെയും പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. കോടികൾക്കൊന്നും വിലയില്ലേ എന്ന് തോന്നുന്ന വിധത്തിലാണ് കുടുംബാംഗങ്ങളുടെ ആഭരണ കളക്ഷൻ.
മാർച്ചിലെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ വരന്റെ മാതാവായ നിത അംബാനി ധരിച്ചത് 500 കോടിയുടെ നെക്ലേസ് ആയിരുന്നു. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിർമിച്ചതായിരുന്നു ഈ ഹാരം. നെക്ലേസിന് ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരത്തിലും കമ്മലിലും ഫാഷനിസ്റ്റകളുടെ കണ്ണുടക്കിയിരുന്നു. ഐവറി ഗോൾഡ് സാരിക്ക് അഴകേറ്റിയ ഈ ആഭരണം ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസുകളിലൊന്നാണ്. ഇതുകണ്ട് നെടുവീർപ്പിട്ട സാധാരണക്കാർക്കായി രാജസ്ഥാനിലുള്ള ഒരു വ്യാപാരി ഈ മാലയുടെ പക്കാ കോപ്പി നിർമിച്ച് 200 രൂപയിൽ താഴെ വിലയ്ക്ക് വിറ്റഴിച്ച വാർത്തയും വൈറലായി. 500 കോടിയുടെ മാലയുടെ 178 രൂപാ പതിപ്പുണ്ടാക്കിയ കക്ഷിയുടെ മാർക്കറ്റിങ് തന്ത്രവും സാക്ഷാൽ അംബാനിയെ കടത്തിവെട്ടുന്നത്. പച്ച മാത്രമല്ല ചുവപ്പും മഞ്ഞയുമടക്കം പല നിറത്തിലെ മാലകൾ വിറ്റഴിച്ച കവറിൽ 500 കോടിയുടെ മാല അണിഞ്ഞ നിത അംബാനിയുടെ ഫോട്ടോ കൂടെ വച്ചു. ചൂടപ്പം പോലെയാണ് ഡ്യൂപ്ലിക്കേറ്റ് വിറ്റഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. എങ്ങനെയുണ്ട് ബുദ്ധി. കടുവയെ പിടിച്ച കിടുവയെന്നൊക്കെ കേട്ടിട്ടല്ലേയുള്ളു.
മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം പല ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും നാം കണ്ടിട്ടുള്ളതാണ്. അനന്തിന്റെ ചേട്ടൻ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയ്ക്ക് അവരുടെ വിവാഹ സമയത്ത് സമ്മാനമായി നിത അംബാനി നൽകിയത് 451 കോടി വിലമതിക്കുന്ന നെക്ലേസാണ്. 407.48 കാരറ്റ് ടോപസ് വജ്രം പതിച്ച നെക്ലേസ് മൗവാദ് എൽ ശ്രേണിയിൽ പെട്ടതാണ്.
അനന്തിന്റെ വിവാഹ നിശ്ചയത്തിന് ചേട്ടൻ ആകാശ് അംബാനി നൽകിയത് 18 കാരറ്റ് പാന്തേരേ ഡി കാർട്ടിയറിന്റെ ബ്രൂച്ച്. ഏറെ അതുല്യമായ ബ്രൂച്ച് അലങ്കരിച്ചിരുന്നത് 51 സഫയറും രണ്ട് എമറാൾഡും 606 അൺകട്ട് ഡയമണ്ടും കൊണ്ടാണ്. പതിമൂന്ന് കോടിയിലേറെയാണ് ബ്രൂച്ചിന്റെ വില.
2024 ലെ മിസ് വേൾഡ് ഫൈനലിന് നിതാ അംബാനി ധരിച്ച മുഗൾ കാല ബാജുബന്ദും വാർത്തകളിൽ നിറഞ്ഞിരുന്നു. ചരിത്ര പ്രാധാന്യമുള്ള ബാജുബന്ദ് മാണിക്യവും വജ്രങ്ങളും പതിച്ചതാണ്. ഷാജഹാന്റെ തലപ്പാവിലെ ആഭരണമായിരുന്ന ഈ ബാജുബന്ദിന് 200 കോടിയാണ് മൂല്യം. സർപെച്ച് എന്ന് വിളിക്കുന്ന തലപ്പാവ് ആഭരണം 2019ലെ അൽതാനി കളക്ഷൻ എക്സിബിഷനിലാണ് അവസാനമായി പ്രദർശിപ്പിച്ചത്. ഷാജഹാൻ ഇബ്ൻ ജഹാങ്കിർ ഷാ എന്ന ലിഖിതവും ആം ബാൻഡിലുണ്ട്.
Read Also:
മുകേഷ്- നിത ദമ്പതികളുടെ മകൾ ഇഷ അംബാനിയുടെ ആഭരണ ശേഖരത്തിൽ അപൂർവമായൊരു ചോക്കർ ഉണ്ട്. 167 കോടി വിലമതിക്കുന്ന അൺകട്ട് ഡയമണ്ടുകളാണ് പ്രത്യേകത. അനന്ത് അംബാനിയുടെ ആഢംബര വാച്ച് ഭ്രമം സുഹൃത്തുക്കൾക്കിടയിൽ ചർച്ചയാകാറുണ്ട്. പാ’ടേക് ഫിലിപ്പ് കളക്ഷനിലെ ഗ്രാൻഡ് മാസ്റ്റർ ചൈം അനന്ത് സ്വന്തമാക്കി. വില അറുപത്തിയേഴര കോടി. അതേ ബ്രാൻഡിലെ സ്കൈ മൂൺ ടർബില്ലോണും ആളിന്റെ കളകഅഷനിലുണ്ട്. മൂല്യം 54 കോടി. രണ്ട് വാച്ചുകളുടെ വില കൂട്ടിയാൽ തന്നെ 121 കോടി രൂപ.എന്താല്ലേ?
രാധിക മെർച്ചന്റിന് നിത അംബാനി സമ്മാനിച്ച മുത്തും ഡയമണ്ടും പിടിപ്പിച്ച ഒരു ചോക്കറാണ് വാർത്തകളിൽ നിറഞ്ഞ മറ്റൊരു ആഭരണം. കൃത്യമായ മൂല്യം വെളിപ്പെടുത്തിയി്ടില്ലെങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ പ്രതീകം കൂടിയായാണ് ഈ ആഭരണം വിലയിരുത്തപ്പെടുന്നത്.
പണ്ട് ഗുജറാത്തിലെ ചോർവാദെന്ന ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് സമ്പന്നനാകണമെന്ന മോഹവുമായി ധീരുഭായ് അംബാനിയെന്ന ചെറുപ്പക്കാരന്റെ പിന്മുറക്കാരെത്തി നിൽക്കുന്നത് സമ്പത്തിന്റെ ഉത്തുംഗശൃംഗങ്ങളിലാണ്. ഒരു സാധാരണ സ്കൂൾ അധ്യാപകന്റെ മകനായിചെറിയ ജീവിത സാഹചര്യങ്ങളിൽ ജീവിതത്തിന്റെ ആദ്യകാലം കഴിച്ച ധീരുഭായ് ഹീരാചന്ദ് അംബാനിക്ക് തന്റെ ആഗ്രഹങ്ങളൊക്കെ സാധിക്കാൻ ധനമുണ്ടാക്കണമെന്ന അതിയായ ആഗ്രഹമുണ്ടായി. യെമനിലേക്ക് ക്ലർക്ക് ജോലിക്കായി പോയ അദ്ദേഹത്തിന്റെ ബിസിനസിലെ കൂർമബുദ്ധിയാണ് പിന്നീട് വ്യവസായിയെന്ന കുപ്പായത്തിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. അതേ കൂർമബുദ്ധി മകനായ മുകേഷ് അംബാനിയുടെയും ബിസിനസ് വഴികളിൽ കാണാം. വ്യവസായ മേഖലയിൽ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് തന്റെ ആസ്തികളിൽ മുകേഷ് അംബാനി ദിവസേന കൂട്ടിച്ചേർക്കുന്നത് കോടികളാണ്.
Story Highlights : ambani family jewellery collection
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]