
‘പെട്ടിയെന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നു പോലും എഴുന്നേൽക്കും’: പരിഹസിച്ച് അൻവർ
നിലമ്പൂർ ∙ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തിലെ പെട്ടി പരിശോധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ. പെട്ടി പരിശോധിക്കാൻ പറഞ്ഞതു മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നു പോലും എഴുന്നേൽക്കുമെന്നും പി.വി അൻവർ പറഞ്ഞു.
‘‘ഇവർക്ക് വേറൊന്നും പറയാനും ചെയ്യാനുമില്ലാത്തതിനാലാണു പെട്ടിയുടെ പുറകെ പോകുന്നത്. പലജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്.
പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്. പിണറായിസം അവസാനിക്കണമെന്ന് ഗോവിന്ദൻ മാഷടക്കം ആഗ്രഹിക്കുന്നു.
സ്വരാജിനെ കൊല്ലാൻ കൊണ്ടുവന്നതാണ്. മുഖ്യമന്ത്രിയുടെ ചിത്രം സ്വരാജിന്റെ പോസ്റ്ററിലില്ല.
ഇവിടെ ജനമാണ് ജയിക്കാൻ പോകുന്നത്. നാട്ടിലെ വിഷയങ്ങൾ പറയാതെ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കളെ ജനം തള്ളിപ്പറയും’’ – അൻവർ പറഞ്ഞു.
‘‘കൃത്യമായ നിരീക്ഷണത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് 75,000 വോട്ടിൽ കുറയാതെ നേടി ജയിക്കുമെന്നു പറയുന്നത്. മലയോര കർഷകരുടെ പ്രശ്നത്തിന് എന്താണു പരിഹാരമെന്നോ എഡിജിപി അജിത് കുമാറിനെതിരെയും സുജിത്ത് ദാസിനെതിരെയും കൊടുത്ത പരാതിക്കു പരിഹാരമെന്തെന്നോ പറയാതെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട
വിഷയത്തിൽ തീർപ്പ് നടപ്പാക്കാത്ത വഞ്ചനാപരമായ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. 40 ലക്ഷമാണ് ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് ചെലവു വരുന്നത്.
അതൊരു വലിയ ചെലവായി കാണേണ്ടതില്ല. സർക്കാർ വാർഷികത്തിനു മുഖ്യമന്ത്രിയുടെയും മരുമകന്റെയും ഫ്ലക്സ് വയ്ക്കാൻ 15 കോടി രൂപയാണ് ചെലവഴിച്ചത്.’’ – അൻവർ പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസ് പരിശോധിച്ചതുമായി ബന്ധപ്പെട്ട ഉയർന്ന വിഷയങ്ങൾ രാഷ്ട്രീയ നാടകമാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് പറഞ്ഞത്.
തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ വർഗീയശക്തികളുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ചർച്ചയായി ഉയർന്നു വന്നത് തിരിച്ചടിയാവുമെന്ന ആശങ്ക ഉയർന്നതോടെയാണു, പാലക്കാടിന് സമാനമായി നിലമ്പൂരും പെട്ടി വിവാദം ഉയർന്നതെന്നും മോഹൻ ജോർജ് കുറ്റപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]