
മ്യൂണിക്: യൂറോ കപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനെക്കാള്‍ കടുപ്പമെന്ന ഫ്രാന്‍സ് നായകന് കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനക്ക് റുപടിയുമായി അര്‍ജന്റീന നായകന് ലിയോണല്‍ മെസി. യൂറോപ്പില്‍ നേരിടുന്നത്രയും കടുത്ത മത്സരം ലാറ്റിനമേരിക്കന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനില്ലെന്ന് സമ്മതിച്ച മെസി പക്ഷെ ലോകകപ്പില്‍ മൂന്ന് തവണ ചാമ്പ്യന്മാരായത് അര്‍ജന്റീനയും അഞ്ച് തവണ ചാമ്പ്യന്മാരായത് ബ്രസീലും രണ്ട് തവണ കിരീടം നേടിയിട്ടുള്ളത് യുറുഗ്വോയുമാണെന്ന് മറക്കരുതെന്നും ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലാറ്റിനമേരിക്കൻ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് യൂറോപ്പിലേതുപോലെ കടുത്ത മത്സരക്ഷമതയില്ലെന്നത് ശരിയായിരിക്കാം. ഓരോരുത്തരും അവരവര്‍ കളിക്കുന്ന ലീഗിനെയാണ് ഏറ്റവും വലിയ ലീഗായി കാണുന്നത്. യുറോ കപ്പ് വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റ് തന്നെയാണ്. പക്ഷെ ലോക ചാമ്പ്യന്മാര് അടക്കം കളിക്കുന്ന ലോകകപ്പില്‍ കളിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ്. അതുകൊണ്ടാണ് എല്ലാവരും ലോകകപ്പ് നേടണമന്ന് ആഗ്രഹിക്കുന്നതെന്നും മെസി പറഞ്ഞു.
മൂന്ന് തവണ കിരീടം നേടിയിട്ടുള്ള അര്‍ജന്റീനയെയും അഞ്ച് തവണ കപ്പടിച്ച ബ്രസീലിനെയും രണ്ട് തവണ ലോകകപ്പ് നേടിയയുറുഗ്വോയെയും മാറ്റി നിര്‍ത്തിയൊരു ലോകകപ്പിനെക്കുറിച്ച് ആലോചിച്ചു നോക്കു. അത് ബുദ്ധിമുട്ടായിരിക്കില്ലെയെന്നും മെസി ചോദിച്ചു. ലോകകപ്പിനെക്കാള്‍ ജയിക്കാന്‍ ബുദ്ധിമുട്ടുള്ളതും കടുപ്പമേറിയതുമായ ടൂര്‍ണമെന്റ് യൂറോ കപ്പാണെന്ന് എംബാപ്പെ പറഞ്ഞിരുന്നു. യൂറോപ്പില്‍ പരസ്പരം കളിക്കുന്ന താരങ്ങള്‍ തന്നെ എതിരാളികളായി വരുന്നതിനാല്‍ യൂറോ ലോകകപ്പിനെക്കാള്‍ കടുപ്പമേറിയ ടൂര്‍ണമെന്റാണെന്നും എംബാപ്പെ വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായല്ല എംബാപ്പെ ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ തള്ളിപറയുന്നത്. 2022ല്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ യൂറോപ്പിലേതുപോലെ പുരോഗമിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് മിക്കവാറും ലോകചാമ്പ്യന്മാരെല്ലാം യൂറോപ്പില്‍ നിന്നാവുന്നതെന്നും എംബാപ്പെ പറഞ്ഞത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ ഫൈനലില്‍ വീഴ്ത്തിയാണ് മെസിയുടെ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമായ എംബാപ്പെ അടുത്തിടെയാണ് പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. പി എസ് ജിയില്‍ മെസിയും എംബാപ്പെയും സഹതാരങ്ങളായിരുന്നു.
Last Updated Jun 14, 2024, 4:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]