
കോട്ടയം: കുവൈത്തിലുണ്ടായ ദുരന്തത്തിൽ കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. പായിപ്പാട് പാലത്തിങ്കൽ ഷിബു വർഗീസ് (38) ആണ് മരിച്ചത്. കുവൈറ്റിൽ അക്കൗണ്ടൻ്റായിരുന്നു ഷിബു വർഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു. അതേസമയം, കുവൈത്തിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്.
കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതായാണ് വിവരം. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.
മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.
Last Updated Jun 13, 2024, 5:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]