
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സുരഭി നഗറിലെ രമേഷിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പതിനേഴ് പവൻ സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആഭരണങ്ങൾ മോഷണം പോയ വിവരം വീട്ടുകാരറിയുന്നത്. വീടിന് പുറക് വശത്തെ ജനൽ ചില്ല് തകർത്ത് കമ്പികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാര കുത്തിതുറന്ന് 17 പവൻ സ്വർണം കവർന്ന് കള്ളൻമാർ കടന്നു കളയുകയായിരുന്നു.
വീട്ടുടമസ്ഥൻ രമേഷ് പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ദിവസങ്ങളായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭാര്യ സുപ്രിയയാണ് രമേശനൊപ്പം ആശുപത്രിയിൽ കൂട്ടിരുന്നത്. അതുകൊണ്ടാണ് വീട് ദിവസങ്ങളായി പൂട്ടിയിടേണ്ടിവന്നത്. ഇവർ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന കാര്യം മനസിലായത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം വരെയാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ഫോറൻസിക് പരിശോധനയിൽ സംശയാസ്പദമായി രണ്ട് വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പയ്യന്നൂർ എസ് എച്ച് ഒ ശ്രീഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]