
കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കൊച്ചിയിലെ ക്യാറ്ററിങ് സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തില് ബ്രിന്ദാവൻ ഫുഡ് പ്രൊഡക്ട്സിനെതിരെ റെയിൽവേ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. അതേസമയം, ശുചിത്വമുള്ള ഭക്ഷണം ട്രെയിനുകളിൽ ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആഴ്ചകൾ പഴക്കമുള്ള ദുർഗന്ധം വമിക്കുന്ന ഭക്ഷണം പിടികൂടിയത്. അഴുകിയ മാംസം, പഴകിയ ദാൽ, മുട്ട, സമയപരിധി കഴിഞ്ഞ ചപ്പാത്തി എന്നിവയാണ് പിടികൂടിയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ക്യാറ്ററിങ് സെന്ററിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വന്ദേഭാരതിന്റെ പേരുള്ള ഭക്ഷണ പൊതികളും ഗ്ലാസുകളും പാക്കറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തു. ഭക്ഷണ പാക്കറ്റിലെ ക്യൂർ ആർ കോഡ് സ്കാൻ ചെയ്താൽ ഐ ആർ സി ടി സി ഭക്ഷണം വിതരണം ചെയ്യുന്ന വന്ദേഭാരത്, രാജധാനി അടക്കമുള്ള ട്രെയിനുകളുടെ മെനുവും ഉണ്ടായിരുന്നു.
കൊച്ചി കോർപ്പറേഷന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നേരത്തേയും പരാതി ഉയർന്നിരുന്നു. തൊട്ടടുത്ത തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നുവെന്നായിരുന്നു ആദ്യത്തെ പരാതി. നേരിട്ടെത്തി പരിശോധിച്ച കോർപ്പറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകി പിഴയും ഈടാക്കി. ഇന്നലെ കെട്ടിടത്തിൽ നിന്നും ദുർഗന്ധം വന്നതോടെയാണ് കൗൺസിലർ അടക്കമുള്ളവർ സ്ഥലത്തെത്തുകയും ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും ചെയ്തതത്. സ്ഥാപനം കരാർ എടുത്ത നടത്തുന്ന വ്യക്തിയെ കോർപ്പറേഷൻ അധികൃതർക്കും അറിയില്ല. മാറി മാറി വരുന്ന മാനേജർമാർ മാത്രമാണ് ഇവിടെ ഉള്ളത്. വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ഇക്കാര്യത്തിൽ റെയിൽവേയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]