
‘സ്വപ്നത്തിൽ പോലും സോഫിയയെ അപമാനിക്കുന്നതിനെ പറ്റി ചിന്തിക്കാനാകില്ല; 10 തവണ ക്ഷമ ചോദിക്കാൻ തയാർ’
ഭോപാൽ ∙ കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മാപ്പ് പറയാൻ തയാറാണെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ. സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിജയ് വിശേഷിപ്പിച്ചതു വിവാദമായിരുന്നു.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.
വിവാദമായതോടെ മന്ത്രി വാക്കുകൾ മയപ്പെടുത്തി. ‘‘ സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു.
രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല.
എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പിന്നീട് പറഞ്ഞു. മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]