
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള വൻ കഞ്ചാവ് കടത്തിന് പിടിവീണു. അബുദാബിയില് നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് വിമാനത്താവളം വഴി കൊണ്ടു വന്നത്. 15 കോടി വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് വാങ്ങാനെത്തിയ കണ്ണൂര് സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്.
അബുദാബിയിൽ നിന്നെത്തിയ എത്തിഹാദ് വിമാനത്തിലെ യാത്രക്കാരനാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. 14 പാക്കറ്റുകളിലാക്കി ഒരു വലിയ ട്രോളി ബാഗ് നിറയെ ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച ഹൈബ്രിഡ് കഞ്ചാവ്, കാത്തുനിന്ന റെജിലിനും റോഷനും കൈമാറി ഇയാൾ കടന്നു കളഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവള പരിസരത്ത് ചുറ്റിത്തിരിഞ്ഞ റിജിലിനെയും റോഷനെയും പൊലീസ് പിടികൂടിയതോടെയാണ് വൻ ലഹരിക്കടത്തിൻ്റെ വിവരം പുറത്ത് വന്നത്. കഞ്ചാവ് വിദേശത്ത് നിന്ന് കൊണ്ടുവന്ന മുഖ്യപ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി മലപ്പുറം എസ് പി ആർ വിശ്വനാഥ് പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കോങ്ങിൽ നിന്നാണ് അബുദാബിയിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. വൻ ഹൈബ്രിഡ് കഞ്ചാവ് ശേഖരം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ മറികടന്നെങ്ങനെ പുറത്തെത്തിയെന്നതിനെക്കുറിച്ചും പൊലീസിന് സംശയമുണ്ട്. ഇവർക്ക് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]