
കോഴിക്കോട്: അസം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെത്തിച്ച് പെണ്‍വാണിഭ കെണിയില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിൽ. അസം സ്വദേശിയായ യുവാവിനെയും യുവതിയെയും ഒഡീഷയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇതരസംസ്ഥാനക്കാരായ നിരവധി പേരെ ഇവര്‍ വലയിലാക്കിയെന്നാണ് സൂചന. ഫുര്‍ഖാന്‍ അലി, അഖ്ലീമ ഖാത്തും എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ മെയ് മൂന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്കിയ വിവരങ്ങളില്‍ നിന്നാണ് നഗരത്തില്‍ ഇതരസംസ്ഥാനക്കാരെ എത്തിച്ച് നടക്കുന്ന പെണ്‍വാണിസംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കോഴിക്കോട് പതിനയ്യായിരം രൂപ മാസ ശമ്പളം വാദ്ഗാനം ചെയ്ത് അസം സ്വദേശിയായ ഫുര്‍ഖാന്‍ അലി എന്ന യുവാവാണ് പെണ്‍കുട്ടിയെ കോഴിക്കോട്ട് എത്തിച്ചത്.
സമൂഹമാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കോഴിക്കോട് ലോഡ്ജില്‍ നിന്ന് കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. നേരത്തെ അസുഖം വന്നപ്പോള്‍ മെഡിക്കല്‍ കോളജില്‍ പോയപ്പോഴാണ് ആശുപത്രിക്ക് സമീപം പൊലീസ് സ്റ്റേഷന് ഉണ്ടെന്ന വിവരം പെണ്‍കുട്ടിക്ക് ലഭിക്കുന്നത്.
മറ്റ് ആറ് യുവതികൾ കൂടി ലോഡ്ജിലുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജ് പൊലീസ് പിന്നാലെ തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഫുര്‍ഖാന്‍ അലി കേരളം വിടുകയായിരുന്നു. അസമിലേക്ക് ട്രെയിനില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഡീഷയിലെ ബദ്രക് എന്ന സ്ഥലത്ത് നിന്നാണ് ഫുര്‍ഖാന്‍ അലിയും ഒപ്പം യുവതി അഖ്ലീമ ഖാത്തും പിടിയിലായത്. നിരവധി പെണ്‍കുട്ടികളെ ഇവര്‍ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നും വലിയ റാക്കറ്റ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു എന്നാണ് നിഗമനം. ഒഡീഷയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]