
പാലക്കാട്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം മണ്ണാർക്കാട് ഏരിയ സെൻ്റർ അംഗവും പികെ ശശിയുടെ സഹോദരി ഭർത്താവുമായ കെ ശോഭൻകുമാർ വോട്ട് ചെയ്തില്ലെന്ന് പരാതി. കെ ശോഭൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകി. ഇന്ന് നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ശോഭൻകുമാർ. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റവും ക്ഷീണം സംഭവിച്ച നിയമസഭാ മണ്ഡലമായ മണ്ണാർക്കാട് തുടക്കത്തിലേ വലിയ ആവേശത്തിലാണ് സിപിഎം പ്രവർത്തിച്ചിരുന്നത്. ഏറെ നിർണായകമായ തെരഞ്ഞെടുപ്പിൽ ഏരിയ സെൻ്റർ അംഗം തന്നെ വോട്ട് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ വാദം. വയനാട്ടിൽ സുൽത്താൻ ബത്തേരി സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ശോഭൻകുമാർ 2020 ലാണ് മണ്ണാർക്കാട്ടേക്ക് താമസം മാറിയത്. 2021 ൽ നടന്ന പാർട്ടി സമ്മേളനത്തിൽ ഏരിയ സെന്റർ അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മണ്ണാർക്കാട് സ്ഥിര താമസമാക്കി അഞ്ച് വർഷമായിട്ടും ശോഭൻകുമാറിന്റെ വോട്ട് മണ്ണാർക്കാട്ടേക്ക് മാറ്റിയിട്ടില്ല. മണ്ണാർക്കാട് വോട്ടില്ലാത്ത ശോഭൻകുമാർ വയനാട്ടിലും വോട്ട് ചെയ്തിട്ടില്ല. ഇതിനെതിരൊണ് പാർട്ടിയിൽ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. മണ്ണാർക്കാട് തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നതിനാലാണ് വയനാട്ടിൽ വോട്ട് ചെയ്യാൻ പോകാതിരുന്നതെന്നാണ് ശോഭൻകുമാറിൻ്റെ വിശദീകരണം. രണ്ട് തവണ മണ്ണാർക്കാട്ടേക്ക് വോട്ട് മാറ്റാൻ അപേക്ഷ നൽകിയിരുന്നതാണെന്നും അതു നടന്നില്ലെന്നും ശോഭൻകുമാർ പറഞ്ഞു.
2021 ലെ നിയമസഭതെരഞ്ഞെടുപ്പിൽ ചിലർ വോട്ട് ചെയ്തില്ലെന്ന കാരണത്താൽ കാരാകുറിശ്ശി ലോക്കൽ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കല്ലടി ഉണ്ണിക്കമ്മുവിനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതേ നിലപാട് ശോഭൻകുമാറിൻ്റെ കാര്യത്തിലും വേണമെന്നും പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്. മണ്ണാർക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് സെക്രട്ടറിയും കെടിഡിസി അധ്യക്ഷനുമായ പികെ. ശശിയുടെ സഹോദരി ഭർത്താവാണ് ശോഭൻകുമാർ.
Last Updated May 14, 2024, 9:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]