
കൊല്‍ക്കത്ത: ഗൗതം ഗംഭീര്‍ മെന്ററായി തിരിച്ചെത്തിയതോടെ ഐപിഎല്ലില്‍ സ്വപ്നതുല്യമായ കുതിപ്പാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണില്‍ കാഴ്ചവെച്ചത്. 12 മത്സരങ്ങളില്‍ ഒമ്പത് ജയവുമായി 18 പോയിന്റ് സ്വന്തമാക്കിയ കൊല്‍ക്കത്ത പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു കഴിഞ്ഞു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരെയ്നിന്റെയും മിന്നും ഫോമാണ് കൊല്‍ക്കത്തയുടെ കുതിപ്പിന് കാരണമായത്. നരെയ്നെ വീണ്ടും ഓപ്പണറാക്കി പരീക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഗംഭീറായിരുന്നു.
നായകനെന്ന നിലയില്‍ കൊല്‍ക്കത്തയെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ചതും ഗംഭീറാണ്.2011 മുതല്‍ 2017വരെ കൊല്‍ക്കത്തയെ 122 മത്സരങ്ങളില്‍ നയിച്ച ഗംഭീര്‍ 69 വിജയങ്ങളാണ് ടീമിന് സമ്മാനിച്ചത്. ഗംഭീറിന് ശേഷം ഒരു തവണ ഐപിഎല്‍ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്തക്ക് കിരീടം കിട്ടാകനിയായി. പക്ഷെ ഇത്തവണ കൊല്‍ക്കത്ത കീരീടം നേടുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. അതിന് കാരണം ഗംഭീറിന്റെ സാന്നിധ്യമാണ്.
എന്നാല്‍ നായകനായിരുന്ന കാലത്തെ തന്റെ ഏറ്റവും വലിയ ദു:ഖത്തെക്കുറിച്ച് സ്പോര്‍ട്സ് കീഡക്ക് നല്കിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് ഗംഭീര്‍ ഇപ്പോള്‍.നായകനെന്ന നിലയില്‍ സഹതാരങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ മാച്ച് വിന്നർമാരായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഒരു മികച്ച ക്യാപ്റ്റന്റെ ലക്ഷണം. എന്നാല്‍ കൊല്‍ക്കത്തയിലെ എന്റെ ഏഴ് വര്‍ഷത്തെ ക്യാപ്റ്റന്‍സി കരിയറില്‍ എനിക്കുണ്ടായ ഏറ്റവും വലിയ ദു:ഖം കൊല്‍ക്കത്ത താരമായിരുന്ന സൂര്യകുമാര്‍ യാദവിനെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ എനിക്കോ എന്റെ ടീമിനോ കഴിഞ്ഞില്ലെന്നതാണ്.ടീം കോംബിനേഷനിലെ ചില പ്രശ്നങ്ങള്‍ കാരണം, സൂര്യകുമാറിനെ ടോപ് ഓര്‍ഡറില്‍ വേണ്ടത്ര അവസരം നല്‍കാനായില്ല.
മൂന്നാം നമ്പറില്‍ ഒരു കളിക്കാരനെ മാത്രമല്ലെ കളിപ്പിക്കാനാവു. ക്യാപ്റ്റനെന്ന നിലയില്‍ മറ്റ് 10 താരങ്ങളുടെ കാര്യങ്ങളും ഞാന്‍ നോക്കേണ്ടതുണ്ട്.സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം കാണാമായിരുന്നു. ഏഴാം നമ്പറിലും അവന് മോശമായിരുന്നില്ല.ആറാമതോ ഏഴാമതോ ബാറ്റിംഗിനിറക്കിയാലും ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചില്ലെങ്കിലും അവന് അതെല്ലാം ഒരു ചിരിയോടെ മാത്രമെ നേരിട്ടിരുന്നുള്ളു.ടീമിനായി ഏത് സമയത്തും കളിക്കാന്‍ അവന് തയാറായിരുന്നു. അതുകൊണ്ടാണ് അവനെ ഞങ്ങള്‍ വൈസ് ക്യാപ്റ്റനാക്കിയതെന്നും ഗംഭീര്‍ പറഞ്ഞു.
നാലു വര്‍ഷം കൊല്‍ക്കത്തയില്‍ തുടര്‍ന്നശേഷം 2018ലാണ് സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത്.മുംബൈയില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ച സൂര്യക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റായി മാറിയ സൂര്യ ഐപിഎല്ലില്‍ മുംബൈക്കായി ആകെ നേടിയ 2986 റണ്‍സില്‍ 1533 റണ്‍സും മൂന്നാം നമ്പറിലായിരുന്നു. സൂര്യകുമാര്‍ ടി20ക്ക് മാത്രം പറ്റി കളിക്കാരനല്ലെന്നും എല്ലാ ഫോര്‍മാറ്റിലും ഉപയോഗിക്കാവുന്ന താരമാണെന്നും ഗംഭീര്‍ പറഞ്ഞു.ഏകദിനത്തിലും ടി20യിലെപ്പോലെ അപകടകാരിയായ ബാറ്ററാവാന്‍ അവനാവുമെന്നും ഗംഭീര്‍ പറഞ്ഞു
Last Updated May 13, 2024, 8:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]