
ദില്ലി: ഇംഗ്ലീഷ് ഭാഷ അറിയില്ല എന്ന ഒറ്റക്കാരണത്താൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും പലയിടത്തും പറയാറുണ്ട്. ആശയ വിനിമയത്തിൽ ആംഗലേയ ഭാഷയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ടെന്ന് തന്നെ നിസ്സംശയം പറയാം. അങ്ങനെ ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നിൽ വിജയിക്കുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
മധ്യപ്രദേശിലെ സത്ന എന്ന ചെറിയ ഗ്രാമത്തിലാണ് സുരഭിയുടെ കുടുബം. സ്കൂൾ കാലഘട്ടങ്ങളിൽ ട്യൂഷനോ കോച്ചിംഗോ ഇല്ലാതെയാണ് സുരഭി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 90 ശതമാനത്തിലധികം മാർക്ക് നേടിയാണ് സുരഭി വിജയിച്ചത്. സുരഭിയുടെ അച്ഛൻ അഭിഭാഷകനും അമ്മ അധ്യാപികയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുരഭി സ്റ്റേറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുകയും മികച്ച മാർക്ക് നേടുകയും ചെയ്തു. തുടർന്ന് ഭോപ്പാൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പ്രവേശനം നേടി. ഭോപ്പാൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് നേടിയ അവർ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും മികച്ച പ്രകടനത്തിന് സ്വർണ്ണ മെഡൽ നേടുകയും ചെയ്തിരുന്നു.
എന്നാൽ കോളേജിൽ എത്തിയപ്പോൾ ഇംഗ്ലീഷ് ഭാഷ സുരഭിക്കൊരു വെല്ലുവിളിയായി മാറിയിരുന്നു. ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ചതിനാൽ സുരഭിക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമില്ലായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ കോളേജിൽ അവൾക്ക് പരിഹാസം നേരിടേണ്ടി വന്നു. എന്നാൽ ഈ പരിഹാസങ്ങൾക്കൊന്നും സുരഭിയെ തളർത്താൻ കഴിഞ്ഞില്ല. എങ്ങനെയും ഇംഗ്ലീഷ് ഭാഷ വശത്താക്കണമെന്ന് അവൾ തീരുമാനിച്ചു. തുടർന്ന് ഓരോ ദിവസവും ഇംഗ്ലീഷിലെ 10 പുതിയ വാക്കുകൾ പഠിച്ചു. ലൈബ്രറിയിൽ നിന്ന് എഞ്ചിനീയറിംഗ് ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടുവന്ന് ഭാഷ പരിശീലിക്കാൻ തുടങ്ങി. സുരഭി തന്റെ സെമസ്റ്റർ പരീക്ഷകൾ ഇംഗ്ലീഷിൽ എഴുതി സർവകലാശാലയിൽ ഒന്നാമതെത്തി.
ഇതിനുശേഷം, നിരവധി മത്സര പരീക്ഷകളിലും വിജയിച്ചു. പിന്നീട്, ഐഎസ്ആർഒ, ബിഎആർസി, ഐഇഎസ്, യുപിഎസ്സി ഐഎഎസ് എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട 8 പരീക്ഷകളിൽ സുരഭി മികച്ച റാങ്കുകൾ നേടി. 2016 ൽ യുപിഎസ്സി സിവിൽ സർവ്വീസ് പരീക്ഷ 50ാം റാങ്കോടെ പാസ്സായി ഐഎഎസ് ഉദ്യോഗസ്ഥയായി. തീർത്തും പരിമിതമായ സാഹചര്യത്തിൽ നിന്ന് വന്നിട്ടും തന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഒന്നുകൊണ്ട് മാത്രമാണ് സുരഭിക്ക് വിജയിക്കാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]