
നൊബേൽ സമ്മാന ജേതാവും പ്രമുഖ പെറുവിയൻ എഴുത്തുകാരുമായ മാരിയോ വർഗാസ് യോസ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലിമ∙ ജേതാവും പെറുവിയൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ മാരിയോ വർഗാസ് യോസ (89) അന്തരിച്ചു. ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ അൽവാരോ വാസ്ഗാസ് യോസയാണ് പിതാവിന്റെ മരണം എക്സിലൂടെ പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.
പെറുവിലെ അരെക്വിപയിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് യോസ ജനിച്ചത്. റേഡിയോ ഓപ്പറേറ്ററായ ഏണസ്റ്റോ വർഗാസ് മാൽഡൊണാഡോയുടെയും ഡോറ യോസ ഉറേറ്റയുടെയും ഏക മകനായി ജനനം. മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ യോസ അമ്മയ്ക്കൊപ്പം ബൊളീവിയയിലേക്ക് താമസം മാറി. യോസയുടെ മുത്തച്ഛൻ ബൊളീവിയയിലെ പെറുവിയൻ കോൺസുലാർ ഓഫിസറായിരുന്നു.
യോസ സൈനിക അക്കാദമിയിൽ ചേർന്നെങ്കിലും സാഹിത്യത്തോടുള്ള അടങ്ങാത്ത തീക്ഷ്ണ കാരണം വൈകാതെ എഴുത്തുകാരനായി. തുടർന്ന് യോസ രാഷ്ട്രീയത്തിലും സജീവമായി. 1990ൽ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2010ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 1967ൽ റോമുലോ ഗാലെഗോസ് പ്രൈസ്, 1986ൽ പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ്, 1994ൽ മിഗുവൽ ഡി സെർവാന്റസ് പ്രൈസ്, 1995ൽ ജറുസലേം പ്രൈസ്, 2012ൽ കാർലോസ് ഫ്യൂന്റസ് ഇന്റർനാഷനൽ പ്രൈസ്, 2018ൽ പാബ്ലോ നെരൂദ ഓർഡർ ഓഫ് ആർട്ടിസ്റ്റിക് ആൻഡ് കൾച്ചറൽ മെറിറ്റ് എന്നീ പുരസ്കാരങ്ങളും അദ്ദേഹം നേടി.
ദി ടൈം ഓഫ് ദി ഹീറോ (ലാ സിയുഡാഡ് വൈ ലോസ് പെറോസ്), ദി ഗ്രീൻ ഹൗസ് (ലാ കാസ വെർഡെ), കൺവേർഷൻ ഇൻ ദി കത്തീഡ്രൽ (കൺവേർസേസിയൻ എൻ ലാ കാറ്റെഡ്രൽ) എന്നിവയാണ് യോസയുടെ പ്രശസ്തമായ കൃതികൾ. ക്യാപ്റ്റൻ പന്തോജ ആൻഡ് ദി സ്പെഷൽ സർവീസ്, ആന്റി ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ എന്നീ കൃതികൾ പിന്നീട് ചലച്ചിത്രങ്ങളാക്കപ്പെട്ടു. ജൂലിയ ഉർക്വിഡിയാണ് ആദ്യ ഭാര്യ. 1964ൽ ഇവർ വിവാഹമോചനം നേടി. ഒരു വർഷത്തിനുശേഷം യോസ ബന്ധുവായ പട്രീഷ്യയെ വിവാഹം കഴിച്ചു. 2015ൽ ഈ വിവാഹബന്ധവും വേർപിരിഞ്ഞു. മൂന്ന് മക്കളുണ്ട്.