
ഗ്യാപ് റോഡിലൂടെ ഡബിൾ ഡെക്കർ യാത്ര, തേക്കടിയിൽ ബോട്ടിങ്; വെൽക്കം ടു ഇടുക്കി!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ വിഷുവും വേനലവധിയും ആഘോഷിക്കാൻ ടൂറിസ്റ്റുകൾ . ലോ റേഞ്ചിലെ കനത്ത ചൂടിൽനിന്ന് ആശ്വാസമേകാൻ ഇടുക്കിയുടെ ‘തണുപ്പൻ’ ഇടങ്ങൾ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കു കൂടി. അടുത്തടുത്ത് അവധിദിനങ്ങൾ എത്തുന്നതോടെ ഇടുക്കിയുടെ ടൂറിസം സീസണ് ഇനി നല്ല കാലമാണ്. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പാസ് ഏർപ്പെടുത്തിയത് ഇടുക്കിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുമെന്നാണ് ഹോട്ടൽ, റിസോർട്ട് ഉടമകളുടെ കണക്കുകൂട്ടൽ. ഹോട്ടലുകളുടെ ബുക്കിങ് തുടരുകയാണ്. പുതിയ ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും എത്തിയതോടെ ബുക്കിങ് സൗകര്യം കൂടിയിട്ടുണ്ടെന്ന് ടൂറിസ്റ്റ് ഗൈഡുമാർ പറയുന്നു.
∙മനം നിറയ്ക്കും മൂന്നാർ
മധ്യവേനൽ അവധി തുടങ്ങിയതോടെ മൂന്നാറിൽ തിരക്കേറി. വരയാടുകളുടെ പ്രജനന കാലമായിരുന്നതിനാൽ അടച്ചിട്ടിരുന്ന രാജമല ഏപ്രിൽ ഒന്നിനു സഞ്ചാരികൾക്കായി തുറന്നു. ഇതോടെ മൂന്നാറിലെ മറ്റു ടൂറിസം സ്പോട്ടുകളിലും തിരക്കായി. എക്കോപോയിന്റ്, ടോപ് സ്റ്റേഷൻ, പഴയ മൂന്നാറിലെ ബ്ലോസം പാർക്ക്, ദേവികുളം ഗ്യാപ് റോഡ്, ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ, കേരളത്തിലെ താജ്മഹൽ എന്നറിയപ്പെടുന്ന, ഇലിനോർ എന്ന ബ്രിട്ടിഷ് യുവതിയുടെ 130 വർഷം പഴക്കമുള്ള കല്ലറയടക്കം 31 വിദേശികളുടെ കല്ലറകൾ സ്ഥിതി ചെയ്യുന്ന മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് എന്നിങ്ങനെ ഒട്ടേറെ കാഴ്ചകൾ മൂന്നാറിലുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ 9 മുതൽ 4.30 വരെ ബോട്ടിങ് സൗകര്യമുണ്ട്. ബൊട്ടാണിക്കൽ ഗാർഡൻ രാവിലെ 8.30 മുതൽ രാത്രി 9 വരെ സന്ദർശിക്കാം.
∙ ഗ്യാപ് റോഡിലൂടെ ഡബിൾ ഡെക്കർ
ഗ്യാപ് റോഡിലെ മൂടൽമഞ്ഞിനെ കീറി മുറിച്ചു തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ യാത്ര. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമായ ഡബിൾ ഡെക്കർ ബസ് സർവീസ് ഇപ്പോൾ ഹിറ്റാണ്. ബസിന്റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് യാത്ര ചെയ്യാം. യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാണ്. മൊബൈൽ ചാർജ് ചെയ്യാനുമാകും.
മൂന്നാറിലെ പ്രധാന വ്യൂപോയിന്റുകളും ഫോട്ടോ എടുക്കാൻ യോജിച്ച സ്ഥലങ്ങളും ചേർത്താണ് ബസ് റൂട്ട് തയാറാക്കിയത്. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. 3 മണിക്കൂർ ദൈർഘ്യമുള്ളതാണ് ട്രിപ്. ദിവസേന 3 ട്രിപ്പുണ്ട്. രാവിലെ 9ന് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചയ്ക്ക് 12ന് തിരിച്ചെത്തും. തുടർന്ന് 12.30ന് പുറപ്പെട്ട് 3.30ന് തിരിച്ചെത്തും. വൈകിട്ട് 4ന് ആരംഭിച്ച് രാത്രി 7ന് തിരികെയെത്തും. കെഎസ്ആർടിസിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിലും onlineksrtcswift.com ലൂടെ ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് നിരക്ക്.
∙തേക്കടിയിൽ തിരക്കേറുന്നു
കടുത്ത വേനൽ ചൂട് മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ ഒഴുക്കിൽ കുറവു വരുത്തിയിട്ടുണ്ട്. തേക്കടി തടാകത്തിലെ ബോട്ടിങ്, വനത്തിലൂടെയുള്ള വിവിധ ട്രെക്കിങ് പരിപാടികൾ, ഗവി യാത്ര, ജീപ്പ് സവാരി, പ്ലാന്റേഷൻ സന്ദർശനം, തമിഴ്നാട്ടിലെ മുന്തിരിത്തോപ്പുകളിലേക്കുള്ള യാത്ര തുടങ്ങി ഒട്ടേറെ വിനോദ ഉപാധികൾ തേക്കടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. കുമളി അട്ടപ്പള്ളത്തുള്ള റോസ് പാർക്കും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നുണ്ട്. കഴിഞ്ഞ 28ന് ആരംഭിച്ച് ഏപ്രിൽ 20 വരെ നീളുന്ന തേക്കടി പുഷ്പമേള ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നു. ഇതോടനുബന്ധിച്ച് ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
∙യാത്രയാകാം വാഗമണ്ണിലേക്ക്
വാഗമൺ, കുട്ടിക്കാനം, പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവിൽ വർധന തുടങ്ങി. വാഗമൺ ഒഴികെയുള്ള ഇടങ്ങളിൽ, വന്നു പോകുന്ന സഞ്ചാരികളുടെ എണ്ണത്തിലാണ് വർധനയുള്ളത്. അതേസമയം വാഗമണിലെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും മധ്യവേനലവധിക്കായുള്ള ബുക്കിങ് ലഭിച്ചു തുടങ്ങി. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് സീസണിൽ ഇവിടേക്ക് ഒട്ടേറെപ്പേർ എത്താറുണ്ട്. വാഗമണിലും പരുന്തുംപാറയിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂടു കൂടുതലായത് സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് അവധിക്കാലം ആഘോഷിക്കാൻ ഇങ്ങോട്ടെത്തുന്നതിൽ നിന്ന് ആളുകൾ പിന്തിരിയാൻ ഇടയാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക്, കണ്ണാടിപ്പാലം, പൈൻ ഫോറസ്റ്റ്, പാലൊഴുംകുംപാറ, തങ്ങൾപ്പാറ, കുരിശുമല, മുരുകൻമല, തേയിലത്തോട്ടങ്ങൾ, കുട്ടിക്കാനം പള്ളിക്കുന്നിലെ ബ്രിട്ടിഷ് ദേവാലയം, ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ വനം വകുപ്പിന്റെ പൈൻ ഗാർഡൻ, പരുന്തുംപാറയിലെ വ്യൂ പോയിന്റ്, വോക് വേ തുടങ്ങി ഒട്ടേറെ കാഴ്ചകളാണ് ഇവിടെയുള്ളത്.
∙ ഇടുക്കി ഡാമിൽ ബോട്ടിൽ ചുറ്റാം
വനം വകുപ്പിന്റെ കീഴിലുള്ള ഇടുക്കി വനംവികസന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ബോട്ട് സർവീസ് സഞ്ചാരികൾക്കു വേറിട്ട അനുഭവമാണ്. 18 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടാണ് സർവീസ് നടത്തുന്നത്. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണു പ്രധാനം. വന്യമൃഗങ്ങളെയും കുറവൻ – കുറത്തി മലകളും കാണാം. യാത്രക്കാർക്കൊപ്പം വനംവകുപ്പിന്റെ ഗൈഡും ഉണ്ടാകും. ഇടുക്കി ഡാമിന്റെ 500 മീറ്റർ അടുത്തുവരെ ബോട്ട് എത്തും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ബോട്ടിങ് സൗകര്യമുള്ളത്. അരമണിക്കൂറാണ് യാത്രാസമയം.
∙ മറഞ്ഞിരിക്കും കാഴ്ചകൾ മറയൂരിൽ
ഇടുക്കി ജില്ലയിൽ കാർഷിക സമൃദ്ധിയുടെ മറ്റൊരു മുഖമാണ് മറയൂരിന്റേത്. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിലെത്താം. ചന്ദനക്കാടും വ്യൂ പോയിന്റുകളുമല്ലാതെ മറയൂരിന് മാത്രമായി കൃഷിയിലൂടെ രൂപപ്പെട്ട ഒട്ടേറെ ടൂറിസം സ്പോട്ടുകളുണ്ട്. കരിമ്പിൻ തോട്ടമാണ് മറയൂരിന്റെ കാർഷിക സൗന്ദര്യത്തിൽ മുഖ്യം. 2019ൽ ഭൗമസൂചികാ പദവി ലഭിച്ചതോടെ മറയൂരിന്റെ കീർത്തി വലുതായി. ഏതു സമയത്തും ഇവിടെനിന്നു ശർക്കര ലഭിക്കും. മറയൂർ ശർക്കര നിർമാണവും കാണാം.
മറയൂർ, കാന്തല്ലൂർ എന്നിവടങ്ങളിൽ സഞ്ചാരികളെ കാത്തു ഫാം ടൂറിസം കാത്തിരിക്കുന്നുണ്ട്. ആപ്പിൾ, സ്ട്രോബറി, പച്ചക്കറി തോട്ടങ്ങൾ കാണാം. ഫീസില്ല (സ്വകാര്യ തോട്ടങ്ങളിൽ ഫീസ് ഈടാക്കുന്നുണ്ട്). ചന്ദനക്കാട്, മാൻകൂട്ടം, മുനിയറകൾ, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കാന്തല്ലൂരിലാണ് ആപ്പിൾത്തോട്ടം, ശീതകാല പച്ചക്കറിക്കൃഷി എന്നിവയുടെ കേന്ദ്രം. മൂന്നാറിൽ നിന്ന് കാന്തല്ലൂരിലേക്ക് 48.6 കിലോമീറ്റർ സഞ്ചരിക്കണം.