
ന്യൂഡൽഹി: രോഗിയായ അച്ഛനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കുകയായിരുന്ന ബ്രിട്ടീഷ് യുവതിയുടെ ബാഗ് മോഷണം പോയി. ഡൽഹി ദ്വാരകയിലെ മണിപ്പാൽ ആശുപത്രിയിലാണ് സംഭവം. പണവും ഐഫോണും കാർഡുകളും മറ്റ് സാധനങ്ങളുമെല്ലാമടങ്ങിയ ബാഗാണ് കാണാതായത്. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് കള്ളനെ പിടികൂടുകയും ചെയ്തു.
വിദേശ യുവതി ദ്വാരക സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയിലെ ക്യാഷ് കൗണ്ടറിൽ പണം അടയ്ക്കുന്നതിനിടെ ബാഗ് നഷ്ടമാവുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. രണ്ട് ഐഫോണുകളും പണവും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും വീടിന്റെ താക്കോലും മറ്റ് പ്രധാനപ്പെട്ട രേഖകളുമെല്ലാം ഈ ബാഗിലായിരുന്നത്രെ. ആശുപത്രിയിലെ കൗണ്ടറിന് മുന്നിലുള്ള കസേരയിൽ ബാഗ് വെച്ച ശേഷം പണം അടച്ച് തിരിഞ്ഞുനോക്കിയപ്പോഴേക്കും ബാഗ് ആരോ എടുത്തുകൊണ്ടുപോയി എന്നും യുവതി പറഞ്ഞു.
പരാതി പ്രകാരം പൊലീസ് ഏതാണ്ട് 50 സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. പ്രാദേശികമായി പൊലീസിന് വിവരങ്ങൾ നൽകുന്നവരോടും വിവരങ്ങൾ തേടി. സിസിടിവി ദൃശ്യങ്ങളിൽ തന്നെ ബാഗ് എടുത്തുകൊണ്ടുപോകുന്ന യുവാവിനെ കാണാമായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച ചില നിർണായ വിവരങ്ങളാണ് പ്രതിയായ 26കാരൻ അങ്കിതിലേക്ക് പൊലീസിനെ എത്തിച്ചത്.
ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന തനിക്ക് വീടിന്റെ വാടക നൽകാനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം പണം വേണ്ടിയിരുന്നുവെന്നും അതിനാണ് വിദേശ യുവതിയെ ലക്ഷ്യമിട്ടതെന്നും ഇയാൾ പറഞ്ഞു. ഐഫോണുകൾ വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫോണുകളും കാർഡുകളും 8100 രൂപയും മറ്റ് സാധനങ്ങളും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]