
ന്യൂഡൽഹി: വാഹനാപകടത്തെ തുടർന്ന ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകുന്നേരം 7.45ഓടെ പീരാഗാർഹി ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. ഫ്ലൈ ഓവറിന് മുകളിൽ നിർത്തിയിരുന്ന സ്കൂട്ടറിന് പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഡൽഹി പാലം സ്വദേശിയായ അൻഷ് (23) ആണ് മരിച്ചത്.
മരണപ്പെട്ട അൻഷും സുഹൃത്തുക്കളായ അഭിമന്യു (21), അലോക് (22) എന്നിവരും ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ക്രിക്കറ്റ് മാച്ചിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. ഇതിനിടെ അഭിമന്യുവിന്റെ ഫോണിൽ വീട്ടിൽ നിന്നുള്ള ഒരു വീഡിയോ കോൾ വന്നു. സംസാരിക്കാൻ വേണ്ടി നവജീവൻ ആശുപത്രിക്ക് സമീപം ഫ്ലൈ ഓവറിന് മുകളിൽ തന്നെ ഇവർ വാഹനം നിർത്തി. അഭിമന്യു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ ഒരു കാർ ഇവരുടെ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്താൽ അൻഷ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന അഭിമന്യുവിനും അലോകിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net